
ചെർപ്പുളശ്ശേരി: പൂർണ്ണമായും തകർന്ന ചെർപ്പുളശ്ശേരി – ഒറ്റപ്പാലം റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുവമോർച്ച ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധ സമരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബി.ജെ.പി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി. വേണുഗോപാലൻ നിർവ്വഹിച്ചു.
തകർന്നു കിടക്കുന്ന റോഡിലൂടെ മാസങ്ങളായി സാഹസികമായി ബസ് ഓടിക്കുന്ന ഡ്രൈവർമാരെയും മറ്റ് ബസ് ജീവനക്കാരെയും മെഡൽ നൽകി ആദരിച്ചും, ദുരിതയാത്ര മൂലം വലയുന്ന യാത്രക്കാർക്ക് തൈലം വിതരണം ചെയ്തുമാണ് യുവമോർച്ച പ്രതിഷേധിച്ചത്.
ചെർപ്പുളശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അജീഷ് കുറുവട്ടൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ജിത് എഴുവന്തല സ്വാഗതവും വിശാഖ് മനു നന്ദിയും പറഞ്ഞു.
യുവമോർച്ച നേതാക്കളായ എം. ദൃശ്യക്, രാംദാസ് പി.ടി, ബി.ജെ.പി നേതാക്കളായ എ.പി. പ്രസാദ്, കെ. ഹരിദാസൻ, പി. ജയൻ, എ. ശ്രീനാരായണൻ, വിനോദ് കണ്ണാട്ടിൽ, ടി. കൃഷ്ണകുമാർ, വിജീഷ് നെല്ലായ, സ്‌മിത വി.എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.