anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ

ആലപ്പുഴ; കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ തിളങ്ങാൻ തയ്യാറെടുത്ത് ആലപ്പുഴയിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങൾ.ഓൾറൗണ്ടർമാരും സ്പിന്നർമാരും ഹാർഡ് ഹിറ്റർമാരുമടക്കം പത്ത് താരങ്ങളാണ് ജില്ലയിൽ നിന്ന് വിവിധ ടീമുകളിലായി ഇടം നേടിയിട്ടുള്ളത്.

ഇത്തവണ താരലേലത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാൾ എം നിഖിലായിരുന്നു. ഒന്നര ലക്ഷം അടിസ്ഥാന വിലയുള്ള ബി വിഭാഗത്തിൽ 6.20 ലക്ഷം രൂപയ്ക്കാണ് നിഖിലിനെ തിരുവനന്തപുരം റോയൽസ് സ്വന്തമാക്കിയത്. ബി വിഭാഗത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലത്തിൽ പോയതും നിഖിലായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ശോഭിക്കാൻ കഴിയുന്നതാണ് നിഖിലിന്റെ കരുത്ത്. കഴിഞ്ഞ സീസണിൽ റോയൽസിനായി നിഖിൽ 171 റൺസ് നേടുകയും അഞ്ച് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിരുന്നു. അടുത്തിടെ സമാപിച്ച എൻഎസ് കെ ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു നിഖിലിൻ്റേത്.

കഴിഞ്ഞ സീസണിൽ കൊച്ചി ബ്ലൂ ടൈകേഴ്സിൻ്റെ വിജയത്തിൽ നിർണ്ണാകയ പങ്കു വഹിച്ച ജെറിൻ പി എസ് ആണ് ഇത്തവണ ആലപ്പുഴയിൽ നിന്നുള്ള മറ്റൊരു താരം. ഇത്തവണയും ജെറിൻ കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം തന്നെ തുടരും. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത അഞ്ച് താരങ്ങളിലൊറാളിയുരന്നു ജെറിൻ. ചില മത്സരങ്ങളിൽ ബാറ്റ് കൊണ്ടും ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച ജെറിനെ 2.30 ലക്ഷത്തിനാണ് കൊച്ചി സ്വന്തമാക്കിയത്. ജെറിനൊപ്പം പരിചയ സമ്പന്നനായ പി കെ മിഥുനെയും ബ്ലൂ ടൈഗേഴ്സ് വീണ്ടും ടീമിലെത്തിച്ചു.

ജില്ലയുടെ സ്വന്തം ടീമായ ആലപ്പി റിപ്പിൾസിൽ ഇത്തവണ ആലപ്പുഴയിൽ നിന്നുള്ളത് ആർ അമൽരാജും ആകാശ് പിള്ളയുമാണ്. ഓൾ റൗണ്ടറായ അമലിനെയും വിക്കറ്റ് കീപ്പർ ബാറ്റായ ആകാശ് പിള്ളയെയും എഴുപത്തയ്യായിരം രൂപയ്ക്കാണ് റിപ്പിൾസ് സ്വന്തമാക്കിയത്. ഓൾ ഔണ്ടർമാരായ കെ ജി അഖിലും അമൽ രമേഷും എസ് മിഥുനുമാണ് ജില്ലയിൽ നിന്നും കെസിഎൽ മൂന്നാം സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന് താരങ്ങൾ. അഖിലിനെയും അമലിനെയും എഴുപത്തയ്യായിരം രൂപയ്ക്കും മിഥുനെ ഒന്നര ലക്ഷം രൂപയ്ക്കും ഏരീസ് കൊല്ലം സെയിലേഴ്സാണ് സ്വന്തമാക്കിയത്. കൂറ്റനടികളിലൂടെ ശ്രദ്ധേയനായ പ്രസൂൺ പ്രസാദാണ് മൂന്നാം സീസണിൽ ജില്ലയെ പ്രതിനിധീകരിക്കുന്ന മറ്റൊരു താരം. തൃശൂർ ടൈറ്റൻസാണ് പ്രസൂൺ പ്രസാദിനെ സ്വന്തമാക്കിയത്.

പരിചയസമ്പന്നരായ ലെഫ്റ്റ് ആം സ്പിന്നർ എം യു ഹരികൃഷ്ണനും എസ് മിഥുനും ഇക്കുറിയും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് വേണ്ടിയാണ് ഇറങ്ങുക. കഴിഞ്ഞ സീസണിൽ ടീമിനായി മികച്ച പ്രകടനം കാഴ്ച വച്ച ഹരികൃഷ്ണനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് എസ് മിഥുൻ. കഴിഞ്ഞ സീസണിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായി പത്ത് വിക്കറ്റും നേടിയിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051