പെരിന്തൽമണ്ണ /ആനമങ്ങാട് കാർഷിക സംസ്കൃതികളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ കർക്കിടകം ചിങ്ങം മാസങ്ങളിലായി നടത്തപ്പെടുന്ന ഇല്ലം നിറ വല്ലം നിറ മഹോത്സവത്തിന് കതിർക്കറ്റകൾ ഒരുക്കി കർഷകർക്ക് മാതൃകയാവുകയാണ് മണലായ ജയപ്രകാശൻ.
മുൻവർഷങ്ങളിലേതു പോലെ തന്നെ ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം, ഡൽഹി അയ്യപ്പക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, ചെറുപ്പളശ്ശേരി അയ്യപ്പൻകാവ്, ഇളംതുരുത്തി ക്ഷേത്രം, തൂത ഭഗവതി ക്ഷേത്രം, അന്തിമഹാകാളൻകാവ്, ആലിപ്പറമ്പ് കളത്തിൽ ക്ഷേത്രം, പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രം, കീഴാറ്റൂർ മുതുകുർശി ക്കാവ്,വെള്ളാട്ട് പുത്തൂർ ശിവക്ഷേത്രം, പട്ടാമ്പി മുത്തശ്ശിയാർകാവ്, പുലാമന്തോൾ ക്ഷേത്രം, വാഴെങ്കട ക്ഷേത്രം, ആനമങ്ങാട് മഹാദേവ മംഗലoക്ഷേത്രം, പുന്നക്കോട് ശിവക്ഷേത്രം, ചിറ്റടി നരസിംഹമൂർത്തി ക്ഷേത്രം, എടത്തറ മഹാവിഷ്ണു ക്ഷേത്രം, ആനപ്പായ ശ്രീരാമസ്വാമി ക്ഷേത്രം തുടങ്ങി മലപ്പുറം പാലക്കാട് കോഴിക്കോട് തൃശൂർ വയനാട് ജില്ലകളിലെ 500 ഓളം ക്ഷേത്രങ്ങളിലേക്ക് നിറ ഉത്സവത്തിന് നിറകതിർ തയ്യാറാക്കി. 120 ദിവസം മുമ്പുള്ള കാഞ്ചന വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. വിവിധ ക്ഷേത്രങ്ങളിലെ ഇല്ലം നിറ മഹോത്സവം പല ദിവസങ്ങളിൽ ആയതിനാൽ പ്രത്യേകം സജ്ജമാക്കിയ കൃഷി സ്ഥലത്ത് ദിവസങ്ങൾ ഇടവിട്ടാണ് ഞാറ് പാകുന്നതും പരിപാലിക്കുന്നതും.