anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ബ്രസീൽ ലെജൻഡ്സ് ഇന്ത്യ ഓൾ സ്റ്റാർസ് ഫൈനൽ കൗണ്ട്‌ഡൗണിന് കൊച്ചിയിൽ തുടക്കം: സംസ്ഥാനതല ദീപശിഖാ പ്രയാണം എം.എൽ.എ ഉമ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: രാജ്യാന്തര ഫുട്ബോൾ മാമാങ്കമായ ബ്രസീൽ ലെജൻഡ്സും ഇന്ത്യ ഓൾ സ്റ്റാർസും തമ്മിലുള്ള മത്സരത്തിന്റെ ഫൈനൽ കൗണ്ട്‌ഡൗണിന് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമായി. സ്റ്റേഡിയം കവാടത്തിൽ സജ്ജീകരിച്ച എൽ.ഇ.ഡി കൗണ്ട്‌ഡൗൺ ഇൻസ്റ്റലേഷൻന്റെ അനാച്ഛാദനവും വരാനിരിക്കുന്ന സെപ്റ്റംബർ 20-ന് നടക്കുന്ന പ്രധാന മത്സരത്തിന് മുന്നോടിയായി കേരളത്തിലുടനീളം പര്യടനം നടത്തുന്ന രണ്ട് കാന്റർ വാഹനങ്ങളുടെ പ്രചാരണ പ്രയാണത്തിനുള്ള ഫ്ലാഗ്ഗ് ഓഫും എം.എൽ.എ ഉമാ തോമസ് നിർവഹിച്ചു. കൊച്ചി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, ഗാമെൻ സ്പോർട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എ. രാജേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രചാരണ പരിപാടികളുടെ ഭാഗമായി അൽ താസ അവതരിപ്പിക്കുന്ന ത്രിദിന റോട്ട് 26 കേരള ടോർച്ച് റിലേ ഓഗസ്റ്റ് 28-ന് രാവിലെ 10:30-ന് കോഴിക്കോട് ബീച്ചിൽ നിന്ന് ആരംഭിക്കും. ആദ്യദിനം മഞ്ചേരി, പെരിന്തൽമണ്ണ വഴി പാലക്കാടും, രണ്ടാം ദിനം ഷൊർണൂർ, കുന്നംകുളം വഴി തൃശൂരും പര്യടനം പൂർത്തിയാക്കും. തുടർന്ന് ഓഗസ്റ്റ് 30-ന് കൊരട്ടി, അങ്കമാലി, ആലുവ, കാക്കനാട് വഴി ടോർച്ച് റിലേ കൊച്ചി കലൂരിൽ സമാപിക്കും. കൂടാതെ പ്രധാന സ്വീകരണ കേന്ദ്രങ്ങളിൽ ഫുട്ബോൾ താരങ്ങളും ജനപ്രതിനിധികളും പരിപാടികളിൽ പങ്കെടുക്കും. അതോടൊപ്പം ആരാധകർക്കായി കായിക മത്സരങ്ങളും സൗജന്യ മാച്ച് ടിക്കറ്റുകളും വിശേഷപ്പെട്ട സമ്മാനങ്ങളും ചടങ്ങുകളിൽ വിതരണം ചെയ്യും.

ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശമുയർത്തി ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി സഹകരിച്ചാണ് ടോർച്ച് റിലേ സംഘടിപ്പിക്കുന്നത്. “ലഹരിക്കല്ല, ഫുട്ബോളിന് അടിമപ്പെടാം; ഒരു തൂഫാൻ പോരാളിയാകൂ” എന്ന ആഹ്വാനത്തോടെ യുവാക്കൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നത് എന്ന് സംഘാടർ അറിയിച്ചു. ഓഗസ്റ്റ് 30-ന് കൊച്ചിയിൽ നടക്കുന്ന വർണ്ണാഭമായ ഗ്രാൻഡ് ഫിനാലെയോടെ ടോർച്ച് റിലേ ഔദ്യോഗികമായി സമാപിക്കുന്നതാണ്.

Spread the News

Leave a Comment

IMG 20260806 WA0051