anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആവേശപ്പോരാട്ടത്തിൽ കൊച്ചിയെ മൂന്ന് റൺസിന് വീഴ്ത്തി ആദ്യ വിജയവുമായി കാലിക്കറ്റ്

തിരുവനന്തപുരം: കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. വിജയസാധ്യതകൾ അവസാനം വരെ മാറിമറിഞ്ഞ പോരാട്ടത്തിൽ മൂന്ന് റൺസിനായിരുന്നു കാലിക്കറ്റിന്റെ വിജയം. കാലിക്കറ്റ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊച്ചി 19 ഓവറിൽ 145 റൺസിന് ഓൾഔട്ടാവുകയായിരുന്നു. തകർപ്പൻ പ്രകടനത്തോടെ കാലിക്കറ്റിന്റെ രക്ഷകനായ കൃഷ്ണദേവനാണ് പ്ലെയർ ഓഫ് ദി മാച്ച്.

കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 148/5, കൊച്ചി ബ്ലൂ ടൈഗേഴ്സ് – 19 ഓവറിൽ 145/10

മുൻനിര നിറംമങ്ങിയ മത്സരത്തിൽ സൽമാൻ നിസാറും കൃഷ്ണദേവനും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ടാണ് കാലിക്കറ്റിന് മുതൽക്കൂട്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന് മൂന്നാം ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. ഏഴ് റൺസെടുത്ത രോഹൻ, സാലി സാംസണിന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. തുടർന്നെത്തിയ കെ. എസ്. അരവിന്ദും അഞ്ച് റൺസുമായി മടങ്ങി. ബേസിൽ തമ്പിയെറിഞ്ഞ എട്ടാം ഓവറിൽ തുടരെ രണ്ട് വിക്കറ്റുകൾ കൂടി വീണതോടെ നാല് വിക്കറ്റിന് 43 റൺസെന്ന നിലയിലായിരുന്നു ഗ്ലോബ്സ്റ്റാർസ്. 22 റൺസെടുത്ത വരുൺ നായനാരെയും അബ്ദുൾ ബാസിതിനെയുമാണ് ബേസിൽ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയത്.

അഖിൽ സ്കറിയയും സൽമാൻ നിസാറും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കാലിക്കറ്റിനെ വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്. എന്നാൽ 26 റൺസെടുത്ത അഖിൽ സ്കറിയയെ പുറത്താക്കി ബേസിൽ വീണ്ടും കാലിക്കറ്റിന് പ്രഹരമേൽപ്പിച്ചു. തുടർന്ന് ആറാം വിക്കറ്റിൽ ഒത്തുചേർന്ന സൽമാൻ നിസാറും കൃഷ്ണദേവനും ചേർന്നാണ് കാലിക്കറ്റിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വെറും 27 പന്തുകളിൽ 54 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. സൽമാൻ 37 പന്തുകളിൽ 47-ഉം കൃഷ്ണദേവൻ 17 പന്തുകളിൽ 40-ഉം റൺസുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും നാല് സിക്സുമടങ്ങുന്നതായിരുന്നു കൃഷ്ണദേവന്റെ ഇന്നിങ്സ്. കൊച്ചിക്ക് വേണ്ടി ബേസിൽ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയുടെ തുടക്കവും പാളി. ഏഴ് റൺസെടുത്ത വിനൂപ് മനോഹരനാണ് ആദ്യം മടങ്ങിയത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് കൊച്ചിക്ക് തിരിച്ചടിയായി. ജോബിൻ ജോബി 13-ഉം പി. കെ. മിഥുൻ 17-ഉം വിപുൽ ശക്തി 11-ഉം സാലി സാംസൺ ആറും റൺസ് നേടി മടങ്ങി. ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റിന് 99 റൺസെന്ന നിലയിലായിരുന്നു കൊച്ചി. എന്നാൽ കഴിഞ്ഞ മത്സരത്തിലെ ഹീറോ സച്ചിൻ സുരേഷും മുഹമ്മദ് ആഷിഖും ഒരുമിച്ചതോടെ കൊച്ചി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു.

പത്ത് പന്തുകളിൽ 23 റൺസെടുത്ത മുഹമ്മദ് ആഷിഖ് മടങ്ങുമ്പോഴും കൊച്ചിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ വിജയത്തിന് പത്ത് റൺസകലെ സച്ചിൻ സുരേഷ് റണ്ണൗട്ടായത് കൊച്ചിക്ക് തിരിച്ചടിയായി. 19 പന്തുകളിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 32 റൺസായിരുന്നു സച്ചിൻ നേടിയത്. അവസാന പ്രതീക്ഷയായിരുന്ന ആൽഫി ഫ്രാൻസിസിന്റെ ഷോട്ട് രോഹൻ കുന്നുമ്മലിന്റെ കൈകളിൽ ഒതുങ്ങിയതോടെ കൈവിട്ടെന്ന് തോന്നിച്ച വിജയം കാലിക്കറ്റിനെ തേടിയെത്തി. കാലിക്കറ്റിന് വേണ്ടി ആതിഫ് ബിൻ അഷ്റഫും, ഇബ്നുൾ അഫ്താബും ഹരികൃഷ്ണനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Spread the News

Leave a Comment

IMG 20260806 WA0051