ചെർപ്പുളശ്ശേരി: മഴയെ വകവെക്കാതെ നൂറുകണക്കിന് വിശ്വാസികളും വിദ്യാർഥികളും അണിനിരന്നതോടെ മാരായമംഗലം കുളപ്പടയിൽ നബിദിനാഘോഷം ആവേശഭരിതമായി. കുളപ്പട മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്ന റാലി വർണാഭവും ശ്രദ്ധേയവുമായി. രാവിലെ 4 മണിക്ക് കുളപ്പട മഹല്ല് പള്ളിയിൽ മൗലിദ് പാരായണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് രാവിലെ 8 മണിക്ക് പതാക ഉയർത്തി. നുസ്റത്തുൽ ഇസ്ലാം മദ്രസ കുളപ്പട, അൽ മദ്രസത്തുൽ ഇസ്ലാമിയ കുളപ്പട, അൽ മദ്രസത്തുൽ സിദ്ദീഖിയ ഒറവക്കിഴായിൽ എന്നീ മൂന്ന് മദ്രസകളിലെ വിദ്യാർഥികൾ അണിനിരന്ന നബിദിന റാലി ഏറെ ശ്രദ്ധേയമായി. കുട്ടികളുടെ ദഫ്, ഫ്ലവർ ഷോ എന്നിവ റാലിക്ക് കൂടുതൽ മിഴിവേകി.
മഴ പെയ്തുകൊണ്ടിരുന്നെങ്കിലും റാലിയുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ഉസ്താദുമാർ, കമ്മിറ്റി ഭാരവാഹികൾ, വളണ്ടിയർമാർ, വിദ്യാർഥികൾ, കാരണവന്മാർ, യുവാക്കൾ തുടങ്ങി നൂറുകണക്കിന് പേർ റാലിയിൽ അണിനിരന്നു. റാലി കാണാൻ വഴിയോരങ്ങളിലും നിരവധി പേർ കാത്തുനിന്നു. മൂന്ന് മദ്രസകളിലും കുട്ടികൾക്ക് മധുരപലഹാരങ്ങളും ചായയും വിതരണം ചെയ്തു. റാലി കുളപ്പട സെന്ററിൽ എത്തിയപ്പോൾ *സ്ട്രൈക്കേഴ്സ് ക്ലബ്ബും , സുന്നി സംഘകുടുംബം, സുനിൽ കുളപ്പട, ബാബു പട്ടൻമാരുതൊടി എന്നിവരും വ്യക്തികളും ചേർന്ന് വൻ സ്വീകരണം നൽകി. ജാതിമതഭേദമന്യേ നൂറുകണക്കിന് ആളുകൾ സ്വീകരണത്തിനായി കുളപ്പട സെന്ററിൽ ഒത്തുകൂടി. മധുരപലഹാരങ്ങൾ, പായസം, ജ്യൂസ്, മിഠായികൾ എന്നിവ വിതരണം ചെയ്ത് റാലിയെ സ്വീകരിച്ചു.
പ്രിയ കൂട്ടുകാരൻ ഹാരിസിന്റെ ഓർമയിൽ യുവാക്കളുടെ നേതൃത്വത്തിൽ മഹല്ലിലെ എല്ലാ വീടുകളിലേക്കും ഭക്ഷണവും വിതരണം ചെയ്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം പി.പി. അൻവർ സാദാത്ത് നബിദിന സന്ദേശം നൽകി. സക്കീർ നന്ദി പറഞ്ഞു. റാലി ഒറവക്കിഴായിലെ സിദ്ദീഖിയ മദ്രസയിൽ സമാപിച്ചു. മഹല്ല് ഖതീബ് ഹഫീഫ് കമാലി, ഉസ്താദുമാർ, കമ്മിറ്റി ഭാരവാഹികൾ, വളണ്ടിയർമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി
റിപ്പോർട്ട് ഷൗക്കത്ത് അലി ഒ. കെ ചെർപ്പുളശ്ശേരി