anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൃശൂരിന് ഗോവിന്ദിന്റെ ഓണത്തല്ല്: 35 പന്തിൽ പുറത്താകാതെ 76 റൺസ്

തിരുവനന്തപുരം: ​മലയാളികൾ ഓണാഘോഷത്തിന്റെ ലഹരിയിലാറാടുമ്പോൾ ക്രിക്കറ്റ് മൈതാനത്ത് റൺസുകൾ കൊണ്ട് ഓണസദ്യയൊരുക്കി ട്രിവാൻഡ്രം റോയൽസ് താരം ഗോവിന്ദ് ദേവ് പൈ. തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിൽ 29 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഗോവിന്ദിന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ പിൻബലത്തിൽ ട്രിവാൻഡ്രം റോയൽസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. 35 പന്തിൽ അഞ്ച് സിക്സറുകളും എട്ട് അതിമനോഹരമായ ഫോറുകളുമടക്കം പുറത്താകാതെ 76 റൺസാണ് അടിച്ചുകൂട്ടിയത്.

​ബിജു നാരായണന്റെ ഓവറിൽ അഭിഷേക് പുറത്തായപ്പോഴാണ് ഗോവിന്ദ് ക്രീസിലെത്തുന്നത്. നേരിട്ട ആദ്യ ഓവറിൽ തന്നെ ബൗണ്ടറി പായിച്ച് വരവറിയിച്ച താരം പിന്നീട് തൃശൂർ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കാഴ്ചയാണ് മൈതാനത്ത് കണ്ടത്. പത്താം ഓവറെറിഞ്ഞ തൃശൂർ ക്യാപ്റ്റൻ അഖിൽ എംഎസിനെയും ഗോവിന്ദ് തന്റെ തനത് ശൈലിയിൽ അതിർത്തി കടത്തി. മുഹമ്മദ് ഇനാന്റെ പന്തിൽ കൂറ്റൻ സിക്സർ പറത്തിയാണ് താരം തന്റെ സിക്സർ വേട്ടയ്ക്ക് തുടക്കമിട്ടത്. ബിജു നാരായണൻ എറിഞ്ഞ പതിനഞ്ചാം ഓവറിൽ ഒരു ഫോർ ഉൾപ്പെടെ എട്ട് റൺസ് നേടിയ ഗോവിന്ദ്, വൈകാതെ അഖിൽ എംഎസിന്റെ പന്തിൽ വീണ്ടും സിക്സ് പറത്തി.

​മത്സരത്തിന്റെ അവസാന ഓവറുകളിലായിരുന്നു യഥാർത്ഥ വെടിക്കെട്ട് അരങ്ങേറിയത്. അവസാന ഓവറെറിഞ്ഞ ആദിത്യ വിനോദിനെ നിർദയം പ്രഹരിച്ച ഗോവിന്ദ് രണ്ട് ഫോറും രണ്ട് സിക്സറുമടക്കം ആ ഓവറിൽ മാത്രം 20 റൺസാണ് അടിച്ചെടുത്തത്. കൂട്ടുകെട്ടുകളിലും താരം നിർണായക സാന്നിധ്യമായി. അക്ഷയ് മനോഹരുമായി ചേർന്ന് 23 പന്തിൽ 33 റൺസ് സ്കോർബോർഡിൽ ചേർത്തപ്പോൾ, ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന അജീഷ് കെ- ​ഗോവിന്ദ് ദേവ് പൈ കൂട്ടുപിടിച്ച് വെറും 12 പന്തിൽ നിന്നും 40 റൺസാണ് ട്രിവാൻഡ്രം റോയൽസിന് സമ്മാനിച്ചത്.

​ഡെത്ത് ഓവറുകളിൽ അതിഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. അവസാന രണ്ട് ഓവറിൽ മാത്രം 37 റൺസാണ് ട്രിവാൻ‍ഡ്രത്തിന്റെ ചുണക്കുട്ടി വാരിക്കൂട്ടിയത്. ഈ അവസാന നിമിഷത്തെ പോരാട്ട വീര്യമാണ് ട്രിവാൻഡ്രം റോയൽസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഉത്രാടപ്പാച്ചിലിന്റെ വേഗതയിൽ സ്കോർബോർഡ് ചലിപ്പിച്ച ഗോവിന്ദ് ദേവ് പൈയുടെ ഈ ഇന്നിങ്സ് ആരാധകർക്ക് സമ്മാനിച്ചത് അവിസ്മരണീയമായൊരു ബാറ്റിങ് വിരുന്ന് തന്നെയാണ്.

Spread the News

Leave a Comment

IMG 20260806 WA0051