ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ ജന്മദിന സ്മരണ പുതുക്കികൊണ്ട്, ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിക്കുകയാണ്. കായികരംഗത്തിന്റെ വളർച്ചയ്ക്കും വികസിനത്തിനും ഊന്നൽ കൊടുക്കുന്ന ഈ ദിനത്തിൽ അതിനൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം കൂടി ഓർമ്മിപ്പിക്കുന്നു. സാധാരണയായി കായിക പരിശീലനവും വ്യായാമവും കേവലം ശാരീരിക ക്ഷമതയ്ക്കുള്ളതാണെന്നാണ് പലരും കരുതുന്നത്. എന്നാൽ, കുട്ടികളുടെ സമഗ്ര വളർച്ചയിൽ ശാരീരികാരോഗ്യവും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കൃത്യമായ വ്യായാമം കുട്ടികളുടെ മാനസികാരോഗ്യത്തെയും ബുദ്ധിവികാസത്തെയും വളരെയധികം സ്വാധീനിക്കുന്ന ഒരു പ്രധാന കാര്യമാണ്.
വ്യായാമവും മാനസികാരോഗ്യവും: ശാസ്ത്രീയ പശ്ചാത്തലം
ശരീരം ചലിക്കുമ്പോൾ തലച്ചോറിൽ എൻഡോർഫിൻ, ഡോപാമൈൻ തുടങ്ങിയ ‘ഹാപ്പി ഹോർമോണുകൾ’ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് കുട്ടികളിലെ ഉത്കണ്ഠ, അമിത ഭയം, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും കൃത്യമായി കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളിൽ നല്ല ഉറക്കവും ഉന്മേഷവും ഉറപ്പാക്കാൻ സാധിക്കും.
കുട്ടികളിലെ ആരോഗ്യ സമവാക്യങ്ങൾ
കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ, പഠനവൈകല്യങ്ങൾ, ഓട്ടിസം, എ.ഡി.എച്ച്.ഡി തുടങ്ങിയ അവസ്ഥകളെ നേരത്തെ തിരിച്ചറിയാനും അവർ ഏർപ്പെടുന്ന കായികവിനോദങ്ങളും ശാരീരിക പ്രവർത്തനങ്ങളും സഹായിച്ചേക്കാം. അതുപോലെ, ഇത്തരം കുട്ടികളുടെ ഇവിടെ ശാരീരിക-മാനസിക വികാസത്തിനായും വ്യായാമത്തെ ഘടനാപരമായി ഉപയോഗിക്കാനാകും.
• സെൻസറി ഇന്റഗ്രേഷൻ തെറാപ്പി: കളികളിലൂടെയും ശാരീരിക വ്യായാമങ്ങളിലൂടെയും കുട്ടികളുടെ പഞ്ചേന്ദ്രിയങ്ങളുടെ ഏകോപനം വർദ്ധിപ്പിക്കുന്നു.
• ശ്രദ്ധയും ശ്രദ്ധ കേന്ദ്രീകരണവും: ക്രമമായ കായിക പരിശീലനം കുട്ടികളിലെ ഹൈപ്പർ ആക്ടിവിറ്റി കുറയ്ക്കാനും ക്ലാസ് മുറികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കൂട്ടാനും സഹായിക്കുന്നു.
• ആത്മവിശ്വാസവും സാമൂഹിക ബന്ധങ്ങളും: ഗ്രൂപ്പ് ഗെയിമുകളിൽ പങ്കാളികളാകുമ്പോൾ കുട്ടികളിൽ സഹകരണം, വിട്ടുവീഴ്ചാ മനോഭാവം, പങ്കുവെക്കൽ എന്നീ സാമൂഹിക ഗുണങ്ങൾ വളരുന്നു. ഇത് അവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.
രക്ഷിതാക്കളും സമൂഹവും ചെയ്യേണ്ടത്
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ സ്ക്രീനുകൾക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് അവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
1. ദിവസവും കുറഞ്ഞത് 45 മിനിറ്റെങ്കിലും കുട്ടികളെ തുറസ്സായ സ്ഥലങ്ങളിൽ കളിക്കാൻ അനുവദിക്കുക.
2. നീന്തൽ, ഓട്ടം, സൈക്ലിംഗ് തുടങ്ങിയ ലളിതമായ വ്യായാമങ്ങൾ ശീലമാക്കുക.
3. കായിക വിനോദങ്ങളെ ജയപരാജയങ്ങളുടെ കണ്ണിലൂടെ മാത്രം കാണാതെ സന്തോഷത്തിനുള്ള മാർഗ്ഗമായി വളർത്തുക.
“ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യകരമായ മനസ്സുണ്ടാകൂ” എന്ന ആപ്തവാക്യം കുട്ടികളുടെ കാര്യത്തിൽ ഏറെ പ്രസക്തമാണ്. ദേശീയ കായിക ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ കുട്ടികൾക്ക് കളിക്കാനും ഓടിനടക്കാനുമുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുമെന്ന് മുതിർന്നവർക്ക് ഉറപ്പു വരുത്താം. ഈ ദിനം മുന്നോട്ട് വെക്കുന്ന സന്ദേശവും ഇതുതന്നെയാണ്—ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ സമതുലിതാവസ്ഥയാണ് ഒരു കുട്ടിയുടെ സമ്പൂർണ്ണ വികാസത്തിന്റെ അടിസ്ഥാനം.
തയ്യാറാക്കിയത് : ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകൻ