anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

യൂണിവേഴ്സൽ ബോസ് സാക്ഷി;ബ്ലൂടൈഗേഴ്സിന്റെ മഞ്ഞുമ്മൽ ബോയ്ക്ക് അർദ്ധശതകം

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം യൂണിവേഴ്സൽ ബോസിനെ സാക്ഷിയാക്കി അർദ്ധസെ‍‍ഞ്ച്വറി നേടി കൊച്ചി ബ്ലൂടൈഗേഴ്സ് താരം മനു കൃഷ്ണൻ. കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലാണ് മനു ഫിഫ്റ്റി കരസ്ഥമാക്കിയത്. 34 പന്തിലാണ് ഈ സീസണിലെ തന്റെ ആദ്യ ഫിഫ്റ്റി താരം സ്വന്തമാക്കുന്നത്. മൂന്ന് തവണ സിക്സർ പായിച്ച താരം നാല് തവണ പന്ത് ബൗണ്ടറിയും കടത്തി.

ശരത് പ്രസാദിന്റെ പന്തിൽ വിനൂപ് മനോഹരൻ പുറത്തായപ്പോഴാണ് മനു ക്രീസിലെത്തിയത്.രണ്ട് വിക്കറ്റിന് 48 റൺസെന്ന നിലയിലായിരുന്ന കൊച്ചിയുടെ സ്കോര‍് 150 കടത്തിയത് മനുവിൻ്റെ ഇന്നിങ്സായിരുന്നു. തുടക്കത്തിൽ വിക്കറ്റ് കളയാതെ പക്വതയോടെ ബാറ്റുവീശിയ താരം, പിന്നീട് തൃശൂർ ക്യാപ്റ്റൻ അഖിൽ എം.എസിനെതിരേ ബൗണ്ടറി പായിച്ച് ആക്രമണത്തിലേക്ക് ഗിയർ മാറ്റി. അഖിലിന്റെയും ഇനാന്റെയും ഓവറുകളിൽ പന്ത് അതിർത്തി കടത്തിയ മനു, അഖിലിന്റെ തന്നെ ഓവറിലാണ് തന്റെ ആദ്യ സിക്സറും പറത്തിയത്. 34-ാം പന്തിൽ ഫിഫ്റ്റി തികച്ച താരം തൊട്ടടുത്ത പന്തിൽ പവലിയനിലേക്ക് മടങ്ങി.

സച്ചിൻ സുരേഷ്- മനുകൃഷ്ണൻ സഖ്യത്തിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊച്ചിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് 41 പന്തിൽ 90 റൺസാണ് അടിച്ചുകൂട്ടിയത്. തൃശൂർ ബൗളർമാരെ കടന്നാക്രമിച്ച സച്ചിൻ 23 പന്തിൽ നാല് സിക്സറുകളുടെയും മൂന്ന് ഫോറുകളുടെയും അകമ്പടിയോടെ 46 റൺസെടുത്ത് മികച്ച പിന്തുണ നൽകി. ഇരുവരുടെയും തകർപ്പൻ പ്രകടനമാണ് കൊച്ചിയുടെ സ്കോർ 171 ൽ എത്തിച്ചത്. എറണാകുളം മഞ്ഞുമ്മൽ സ്വദേശികളായ കെജി ഉണ്ണികൃഷ്ണൻ- ഇന്ദു ഉണ്ണികൃഷ്ണൻ ദമ്പതികളുടെ മകനാണ് മനു.

Spread the News

Leave a Comment

IMG 20260806 WA0051