കോഴിക്കോട്: വേഡ്പ്രസ്സിന്റെ ഭാവി സാധ്യതകൾ ചർച്ച ചെയ്ത ‘ഡബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026’ കോഴിക്കോട് ഗവൺമെന്റ് സൈബർപാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. വേഡ്പ്രസ്സ് കമ്മ്യൂണിറ്റി കേരള സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡെവലപ്പർമാർ, ഡിസൈനർമാർ, സംരംഭകർ, വിദ്യാർത്ഥികൾ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വെബ് സാങ്കേതികവിദ്യകളിലെ എഐ സ്വാധീനത്തെക്കുറിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ സംസാരിച്ചു. വെബ് ബ്രൗസറുകളുടെ പ്രവർത്തനം, ഡാറ്റാ സ്വകാര്യത, എഐ അധിഷ്ഠിത വെബ് സൈറ്റ് നിർമ്മാണം, എംസിപി, പ്ലേഗ്രൗണ്ട്, എഐ ടൂളുകൾ, സൈബർ സുരക്ഷ എന്നിവയായിരുന്നു ചർച്ചാവിഷയങ്ങൾ. മനുഷ്യതൊഴിൽ ശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിക്കാനുള്ള ഉപാധിയാണ് എഐ എന്ന് സെഷനുകളിൽ പങ്കെടുത്ത വിദഗ്ദ്ധർ വ്യക്തമാക്കി.
പതിനൊന്ന് വർഷം കൊണ്ട് വേഡ്പ്രസ്സ് പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത നേട്ടം കേരളത്തിലെ ഓപ്പൺ സോഴ്സ് കൂട്ടായ്മ ചടങ്ങിൽ അവതരിപ്പിച്ചു. വേഡ്പ്രസ്സിന്റെ ഭാവി വികസനത്തെക്കുറിച്ചും ഓപ്പൺ സോഴ്സ് മേഖലയിലെ അവസരങ്ങളെക്കുറിച്ചും ആശയവിനിമയം നടത്താൻ അവസരമൊരുക്കിയാണ് കോൺക്ലേവ് സമാപിച്ചത്.