തിരുവനന്തപുരം: ആവേശപ്പോരാട്ടത്തിൽ റൂബീസിനെ മറികടന്ന് സഫയർ, കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. ഒരു വിക്കറ്റിനായിരുന്നു സഫയറിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ആംബർ, പേൾസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അവസാന പന്തിലായിരുന്നു റൂബീസിനെതിരെ സഫയറിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റൂബീസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. അമീറ ബീഗം (39), എം പി വൈഷ്ണ (32), ആശ ശോഭന (30) എന്നിവരാണ് റൂബീസിൻ്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സഫയറിന് അലീന സുരേന്ദ്രന്റെ തകർപ്പൻ ഇന്നിങ്സാണ് വിജയമൊരുക്കിയത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഒറ്റയാൾ പോരാട്ടം തുടർന്ന അലീന 32 പന്തുകളിൽ നിന്ന് 48 റൺസെടുത്തു. അവസാന ഓവറിലെ ആദ്യ പന്തിൽ അലീന പുറത്തായെങ്കിലും, പത്ത് റൺസുമായി പുറത്താകാതെ നിന്ന വിനയ സുരേന്ദ്രൻ ടീമിനെ വിജയത്തിലെത്തിച്ചു. അൻസു സുനിൽ 23 റൺസെടുത്തു. റൂബീസിന് വേണ്ടി കീർത്തി ദാമോദരൻ മൂന്നും എം ജയദർശിനി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. അലീന സുരേന്ദ്രനാണ് പ്ലെയർ ഓഫ് ദി മാച്ച്.
മറ്റൊരു മത്സരത്തിൽ ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. 35 റൺസെടുത്ത ക്യാപ്റ്റൻ കീർത്തി ജെയിംസും 21 റൺസെടുത്ത പി അഖിലയും മാത്രമാണ് പേൾസ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. ആംബറിന് വേണ്ടി എ കെ ഐശ്വര്യയും ടി ഷാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആംബർ 13.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. എൻ എസ് ആര്യനന്ദയും പി സൗരഭ്യയും ചേർന്ന 71 റൺസിന്റെ കൂട്ടുകെട്ടാണ് ആംബറിന് അനായാസ വിജയമൊരുക്കിയത്. ആര്യനന്ദ 47 റൺസുമായി പുറത്താകാതെ നിന്നു. 27 പന്തുകളിൽ നിന്ന് 49 റൺസെടുത്ത പി സൗരഭ്യയാണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.