
ചെർപ്പുളശ്ശേരി: നാടിന്റെ ചരിത്രവും പഴയകാല ജീവിതവും ചിത്രങ്ങളിലൂടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചെർപ്പുളശ്ശേരി നന്മ സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘നന്മ ഫോട്ടോ ഹിസ്റ്ററി ക്ലബ്’ ഇന്ന് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4.30ന് നന്മ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സി.എം. ഹർഷൻ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കും.
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയ സി.കെ. ആർതിയെയും, കോഴിക്കോട് എൻഐടിയിൽ എംടെക്കിന് പ്രവേശനം നേടിയ റോഷ്നി ഫാത്തിമയെയും ചടങ്ങിൽ അനുമോദിക്കും.
കാലം മായ്ച്ച പഴയ വഴികൾ, കെട്ടിടങ്ങൾ, ഉത്സവങ്ങൾ, വിദ്യാലയങ്ങൾ, കലാകായിക വേദികൾ, കുടുംബസംഗമങ്ങൾ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ചിത്രങ്ങൾ തുടങ്ങി ചെർപ്പുളശ്ശേരിയുടെയും പരിസരപ്രദേശങ്ങളുടെയും ചരിത്രം പറയുന്ന അപൂർവ ചിത്രങ്ങൾ ശേഖരിച്ച് ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുകയാണ് ഫോട്ടോ ഹിസ്റ്ററി ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. നാടിന്റെ ഓർമകളും ചരിത്രവും പാരമ്പര്യവും വരുംതലമുറകൾക്കായി സംരക്ഷിക്കുന്ന ജനകീയ സ്മൃതിശേഖരമായി ക്ലബ്ബിനെ വികസിപ്പിക്കാനാണ് സംഘാടകരുടെ പദ്ധതി. ശേഖരിക്കുന്ന ചിത്രങ്ങൾ നന്മ ഫോട്ടോ ഹിസ്റ്ററി ക്ലബ്ബിന്റെ ഡിജിറ്റൽ പ്രദർശനത്തിലും ഉൾപ്പെടുത്തും.
ചരിത്രപ്രാധാന്യമുള്ള പഴയ ഫോട്ടോകൾ കൈവശമുള്ളവർ ക്ലബ്ബുമായി പങ്കുവയ്ക്കണമെന്നും സംഘാടകർ അഭ്യർഥിച്ചിട്ടുണ്ട്.