anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെസിഎ പിങ്ക് വനിതാ ട്വന്റി 20 കിരീടം സഫയറിന്; ഫൈനലിൽ എമറാൾഡിനെതിരെ 28 റൺസിന്റെ വിജയം

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ സഫയർ ചാമ്പ്യന്മാർ. ഫൈനലിൽ എമറാൾഡിനെ 28 റൺസിന് തോൽപ്പിച്ചാണ് സഫയർ കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത സഫയർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ എമറാൾഡിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സഫയറിന് മാളവിക സാബുവും ഇ. ബി. വിസ്മയയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് മുതൽക്കൂട്ടായത്. ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. മാളവിക 31 റൺസെടുത്തു. വിസ്മയ 48 പന്തുകളിൽ നിന്ന് എട്ട് ഫോറും ഒരു സിക്സുമടക്കം 64 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സജന സജീവൻ 15-ഉം സൂര്യ സുകുമാർ 10-ഉം റൺസെടുത്തു. എമറാൾഡിനു വേണ്ടി ശ്രേയ റോയ്, സി. വി. അനുഷ്ക, നജ്ല എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ എമറാൾഡ് ബാറ്റിങ് നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. മുൻനിരയും മധ്യനിരയും തകർന്നടിഞ്ഞപ്പോൾ 33 പന്തുകളിൽ നിന്ന് 51 റൺസുമായി പുറത്താകാതെ നിന്ന മനസ്വി പോറ്റിയാണ് എമറാൾഡിന്റെ സ്കോർ 100 കടത്തിയത്. പി. ആർ. വൈഷ്ണ 22-ഉം ബി. സൗപർണ്ണിക 11-ഉം റൺസ് നേടി. സഫയറിനു വേണ്ടി ടി. ഷാനി മൂന്നും സൂര്യ സുകുമാർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. അർദ്ധസെഞ്ചുറി നേടിയ ഇ. ബി. വിസ്മയയാണ് ‘പ്ലെയർ ഓഫ് ദി മാച്ച്’.

ടൂർണമെന്റിലാകെ ഒൻപത് ഇന്നിങ്സുകളിൽ നിന്നായി 338 റൺസ് നേടിയ അൻസു സുനിലാണ് ‘ടൂർണമെന്റിലെ താരം’. അൻസു തന്നെയാണ് ടൂർണമെന്റിലെ മികച്ച ബാറ്ററായും തിരഞ്ഞെടുക്കപ്പെട്ടത്. 12 വിക്കറ്റുകൾ വീഴ്ത്തിയ ഇഷിത ഷാനി മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.

Spread the News

Leave a Comment

IMG 20260806 WA0051