പാലക്കാട്: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുടെ പരിധി നിശ്ചയിക്കുന്നതിന്റെ പേരിൽ പതിറ്റാണ്ടുകളായി ജനങ്ങൾ താമസിച്ചുവരുന്ന ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒരേ മാനദണ്ഡത്തിൽ ഉൾപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷരീഫ് പട്ടാമ്പി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശവും ഭൂമിയുടെ അവകാശവും ഉപജീവന മാർഗങ്ങളും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട മേഖലയെ പരിസ്ഥിതിലോല പ്രദേശമായി പരിഗണിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ നിരവധി വില്ലേജുകൾ നിയന്ത്രണങ്ങളുടെ പരിധിയിൽ വരുമ്പോൾ, അതിൽ ഉൾപ്പെടുന്ന ഓരോ പ്രദേശത്തിന്റെയും യഥാർഥ ഭൂവിനിയോഗവും ജനവാസ സാന്ദ്രതയും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.
പാലക്കാട് ജില്ലയിലെ മലയോര മേഖലകളെ ഒരു പൊതുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നത് ശരിയായ സമീപനമല്ല. മുതലമട, പന്നിയമ്പാടം, കല്ലടിക്കോട് തുടങ്ങിയ ജനവാസവും കൃഷിയും വ്യാപകമായ മേഖലകളുടെ യഥാർഥ ഭൂവിനിയോഗം പ്രത്യേകം പരിശോധിച്ച് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ESA പരിധിയിൽ നിന്ന് ഒഴിവാക്കണം. എന്നാൽ അതോടൊപ്പം തന്നെ മറ്റ് പ്രദേശങ്ങളെക്കുറിച്ചും സമഗ്രമായ പഠനം നടത്താതെ അവയെ ജനവാസയോഗ്യമല്ലാത്ത പ്രദേശങ്ങളായി മുദ്രകുത്തുന്നതും അംഗീകരിക്കാനാവില്ല.
ഒരു വില്ലേജിന്റെ പേരോ അതിർത്തിയോ മാത്രം അടിസ്ഥാനമാക്കി അവിടെയുള്ള മുഴുവൻ ഭൂമിയെയും പരിസ്ഥിതിലോല മേഖലയായി കണക്കാക്കുന്നത് പ്രായോഗികമല്ല. ഒരേ വില്ലേജിനുള്ളിൽ തന്നെ വനമേഖല, കൃഷിയിടം, ജനവാസ മേഖല, വ്യാപാര മേഖല, സർക്കാർ ഭൂമി തുടങ്ങിയ വ്യത്യസ്ത ഭൂവിനിയോഗങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ വില്ലേജ് അടിസ്ഥാനത്തിലുള്ള പൊതുവായ അടയാളപ്പെടുത്തലിന് പകരം ഭൂവിനിയോഗവും ജനവാസ സ്വഭാവവും കൃത്യമായി രേഖപ്പെടുത്തി പ്രദേശം തിരിച്ചുള്ള പരിശോധനയാണ് നടത്തേണ്ടത്.
ഇതിനായി റവന്യൂ, വനം, തദ്ദേശസ്വയംഭരണം, പരിസ്ഥിതി വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി സുതാര്യമായ ഗ്രൗണ്ട് വെരിഫിക്കേഷൻ നടത്തണം. ജനവാസ കേന്ദ്രങ്ങൾ, പട്ടയഭൂമികൾ, പരമ്പരാഗത കൃഷിയിടങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ, പൊതുസൗകര്യങ്ങൾ എന്നിവയുടെ യഥാർഥ സ്ഥിതി പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിൽ ESA അതിർത്തി പുനർനിർണയിക്കണം.
വർഷങ്ങളായി സ്വന്തം ഭൂമിയിൽ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന സാധാരണക്കാരെ ഭീതിയിലാക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാകാൻ പാടില്ല. നിലവിലുള്ള കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി സ്വീകരിക്കണം.
ജനങ്ങളെ ഒഴിപ്പിക്കുന്നതോ അവരുടെ ഭൂമിയുടെ ഉപയോഗം അസാധ്യമാക്കുന്നതോ അല്ല പരിസ്ഥിതി സംരക്ഷണത്തിന്റെ ലക്ഷ്യം. വനവും പ്രകൃതിയും സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. അതിനാൽ പാലക്കാട് ജില്ലയിലെ ഓരോ പ്രദേശത്തെയും പ്രത്യേകം പഠിച്ചും ജനങ്ങളുടെ അഭിപ്രായം കേട്ടും മാത്രമേ അന്തിമ ESA അതിർത്തി നിശ്ചയിക്കാവൂ.
ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക, ഭൂവിനിയോഗത്തിന്റെ യഥാർഥ സ്ഥിതി പരിശോധിക്കുക, വ്യക്തമായ അതിർത്തി നിർണയിക്കുക, ജനങ്ങളെ അനാവശ്യ നിയന്ത്രണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുമായി എസ്.ഡി.പി.ഐ ശക്തമായി രംഗത്തുണ്ടാകുമെന്നും ഷരീഫ് പട്ടാമ്പി വ്യക്തമാക്കി.
മീഡിയ കോഡിനേറ്റർ
ബഷീർ കൊമ്പം.