കോഴിക്കോട്: കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബ് ഡിഫൻഡർ ആയിരുന്നു റിജോൺ ജോസിന്റെ (29) വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ക്ലബ്. തൃശൂർ ഒല്ലൂർ സ്വദേശിയാണ് റിജോൺ. ഞായറാഴ്ച രാത്രി കോഴിക്കോട് ഗാന്ധി റോഡ് മേൽപ്പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. ശക്തമായ മഴയിൽ എതിർദിശയിൽനിന്ന് നിയന്ത്രണംവിട്ടുവന്ന മറ്റൊരു ബൈക്ക് താരങ്ങൾ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ റിജോണിനെ ഉടൻ ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹതാരമായ ഗനി അഹമ്മദ് നിഗം കൂടെയുണ്ടായിരുന്നെങ്കിലും നിസ്സാരപരിക്കുകളോടെ രക്ഷപെടുകയായിരുന്നു. നിലവിൽ ഗനി ആശുപത്രിയിൽ ചികിത്സയിലാണ്. 2024-ലെ സൂപ്പർ ലീഗ് കേരളയിൽ കിരീടം നേടിയ കാലിക്കറ്റ് എഫ്.സി ടീമിലെ പ്രമുഖ അംഗമായിരുന്നു റിജോൺ. കേരള പ്രീമിയർ ലീഗിലും കാലിക്കറ്റ് എഫ്.സിക്കായി പ്രതിരോധനിരയിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ശ്രീഭൂമി എഫ്.സി, ജോർജ്ജ് ടെലിഗ്രാഫ് എസ്.സി, എഫ്.സി ഡെക്കാൻ, ഫോഴ്‌സ കൊച്ചി എഫ്.സി എന്നീ ക്ലബ്ബുകൾക്കായും കളിച്ചിട്ടുള്ള റിജോൺ കൽക്കട്ട ഫുട്ബോൾ ലീഗിലും കർണാടക സൂപ്പർ ഡിവിഷൻ ലീഗിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പൊതുദർശനം നടത്തും. തുടർന്ന് സ്വദേശമായ തൃശ്ശൂർ ഒല്ലൂരിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് സ്വവസതിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
അച്ഛൻ: ജോസ് എം പി, അമ്മ: ട്രീസ ജോസ് സഹോദരൻ: ടിജോ എം ജെ