കൊച്ചി, 21 സെപ്റ്റംബർ 2026: ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി കമ്മീഷൻ ചെയ്ത് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ. കൂടുതൽ സുസ്ഥിരവും ഊർജ്ജക്ഷമതയുള്ളതുമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി ഓയിസ്റ്റർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി.
ഓയിസ്റ്റർ റിന്യൂവബിൾ വികസിപ്പിച്ച ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്രൊജക്റ്റ് കാസർഗോഡ് ഹൊസ്ദുർഗിൽ അമ്പലത്തറയിലും സമീപ ഗ്രാമങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഉയർന്ന കാര്യക്ഷമതയുള്ള ബൈഫേഷ്യൽ സോളാർ മൊഡ്യൂളുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആസ്റ്റർ മെഡ്‌സിറ്റിയുടെ 24 മണിക്കൂറുമുള്ള ഊർജ്ജ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റാൻ ഇത് സഹായിക്കും.
പദ്ധതിയിലൂടെ പ്രതിവർഷം 1.6 മുതൽ 1.75 കോടി യൂണിറ്റ് പുനരുപയോഗ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആസ്റ്റർ മെഡ്‌സിറ്റിയുടെ മൊത്തം ഊർജ്ജ ആവശ്യത്തിന്റെ 90%-ത്തിലധികം നിറവേറ്റും. ആസ്റ്റർ ഗ്രൂപ്പിന് 26% ഇക്വിറ്റി പങ്കാളിത്തമുള്ള ഓയിസ്റ്റർ ഗ്രീൻ ഹൈബ്രിഡ് ടു പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് ഈ വൈദ്യുതി വിതരണം ചെയ്യുന്നത്. പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം ഏകദേശം 23,138 മെട്രിക് ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കും. പദ്ധതിക്കായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ 3.87 കോടി രൂപ ചിലവിട്ടിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോൾ കമ്മീഷൻ ചെയ്തിരിക്കുന്നത്. അടുത്ത ഘട്ടങ്ങൾ ഉടൻ പൂർത്തിയാകും.
“ഒരു ആരോഗ്യപരിപാലന സ്ഥാപനം എന്ന നിലയിൽ, ആശുപത്രികൾക്കുള്ളിൽ നൽകുന്ന പരിചരണത്തിനും അപ്പുറത്തേക്ക് ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം കൂടെയുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഭാവിയിലേക്ക് കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിക്ഷേപങ്ങൾ ഞങ്ങൾ തുടരും.” ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ സിഇഒ (ഇന്ത്യ 1) രമേഷ് കുമാർ പറഞ്ഞു.
“ഹരിത ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതാണ് പദ്ധതി. വൈദ്യുതി തടസ്സമില്ലാതെ ആവശ്യംവരുന്ന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക്, അത് ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ആസ്റ്ററിന്റെ ഇത്തരം സുസ്ഥിര പദ്ധതികളിൽ പങ്കാളികളാകാൻ കഴിയുന്നതിൽ അഭിമാനമുണ്ട്.” ഓയിസ്റ്റർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സിദ്ധാർത്ഥ് ഭാട്ടിയ പറഞ്ഞു.
ആരോഗ്യ സംരക്ഷണം പോലെയുള്ള ഉയർന്ന ഊർജ്ജ ആവശ്യകതയുള്ള മേഖലകളിൽ പുനരുപയോഗ ഊർജ്ജ പരിഹാരങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ പദ്ധതി അടിവരയിടുന്നു. ഇത്തരത്തിലുള്ള സംരംഭങ്ങളിലൂടെ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നു.