ചെറുപ്പുള്ളശ്ശേരിയുടെ കുലീനമായ മുഖങ്ങളിലൊന്നായിരുന്നു കീഴേപ്പാട്ട് ജനാർദ്ദനമേനോൻ. ധാരാളം ലോകപരിചയവും സാമൂഹ്യകാഴ്ചപ്പാടും ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. ചെറുപ്പുള്ളശ്ശേരിയെക്കുറിച്ചും അവിടത്തെ അനേകം വ്യക്തികളെക്കുറിച്ചും പറഞ്ഞുതന്ന അറിവുകൾ എനിക്ക് ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.
മഞ്ചേരി കോവിലകത്തെ അഞ്ചാമനെ “മണ്ണാർമ്മല രാജാ” എന്നാണു വിളിക്കുക. അച്ഛൻ രാജസ്ഥാനത്ത് വന്നതിനുശേഷം മണ്ണാർമ്മല കോവിലകത്ത് വളർന്ന കാര്യം അദ്ദേഹം പങ്കുവെച്ചിരുന്നു.
ഈ മണ്ണാർമ്മല രാജയുടെ ഫോട്ടോ “വള്ളുവനാട് ചരിത്ര”ത്തിൽ കൊടുത്തിട്ടുണ്ട്. ‘ഒന്നു കുറെ ആയിരത്തിൽ വല്ലഭരാമൻ’ എന്നായിരുന്നു സ്ഥാനം. അവർക്ക് അങ്ങാടിപ്പുറത്തുണ്ടായിരുന്ന പ്രത്യേകം അവകാശത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്.
1991 കാലം തൊട്ടാണ് ജനാർദ്ദനമേനോനുമായി അടുത്തിടപഴകാൻ തുടങ്ങിയത്. പിന്നെ മരണം വരെ ആ ബന്ധം നീണ്ടുനിന്നു. ചെറുപ്പുള്ളശ്ശേരിയിൽ ജോലി ചെയ്തിരുന്ന കാലത്ത് നന്ദിനി ടീച്ചറുമായി ധാരാളം സംസാരിക്കാൻ അവസരമുണ്ടായി. അവർ എനിക്ക് ചായയും ഭക്ഷണവും തന്നു. അവരുടെ കുടുംബത്തോടൊത്ത് പലപ്പോഴും യാത്രചെയ്തു. ചെറുപ്പുള്ളശ്ശേരി ഹൈസ്കൂളിലെ തന്റെ പഠനകാലത്തെക്കുറിച്ചും സഹപാഠികളെക്കുറിച്ചും അദ്ദേഹം പലപ്പോഴും വാചാലനായി. പഠനത്തിനായി മദിരാശിക്കുപോവുകയാണ് എന്നു പറഞ്ഞപ്പോൾ അന്ന് കീഴേപ്പാട്ട് വിവാഹം കഴിച്ചു താമസിച്ചിരുന്ന ജസ്റ്റിസ് പി.കെ. പണിയ്ക്കർ അഞ്ചു രൂപ നല്കിയ കാര്യം അദ്ദേഹം ഓർമ്മിച്ചു.
പരന്ന വായനയും നല്ല ഭാഷാജ്ഞാനവും അദ്ദേഹത്തിനുണ്ടായിരുന്നു. അയയ്ക്കുന്ന മെയിലുകളിലെ ഇംഗ്ലീഷ് ഭാഷാജ്ഞാനം ആർക്കും അത്ഭുതകരമാണ്. മദ്രാസിലെ തന്റെ പഠനകാലത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും വാചാലനായി. ധാരാളം വായിച്ചിരുന്ന അദ്ദേഹം സഞ്ജയന്റെ “എക്കണത്തമ്മാമൻ വല്യമ്മാമൻ” തുടങ്ങിയ പാട്ടുകളൊക്കെ സംസാരത്തിനിടക്ക് ഓർമ്മിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാരതം എല്ലാ വാള്യങ്ങളും എനിക്കു തന്നു.
എത്രയോ സന്ധ്യകളിൽ ഞങ്ങൾ കൌസ്തുഭത്തിന്റെ പൂമുഖത്തിരുന്നു സംസാരിച്ചിട്ടുണ്ട്. പിന്നീട് ടീച്ചർക്ക് വയ്യാതായി. ഓർമ്മ നഷ്ടപ്പെടൽ കുറെ അധികമായ കാലത്തും അവരെ ആയ പൂമുഖത്ത് കൊണ്ടുവന്നിരുത്തിയിരുന്നു. അവർക്ക് കണ്ണുതുറന്നു നോക്കി ആളെ തിരിച്ചറിയാൻ പ്രയാസമായിക്കഴിഞ്ഞിരുന്നു. ഒരിയ്ക്കൽ കുറെ നേരം സംസാരം കഴിഞ്ഞ് ഞാൻ പോവാനായി എഴുന്നേറ്റപ്പോൾ “ഇത് ആരാണെന്നറിയുമോ?” എന്നു ജനാർദ്ദനമേനോൻ ചോദിച്ചപ്പോൾ എന്റെ പേര് അവർ ഓർത്തു പറയുകയുണ്ടായി. നന്ദിനി ടീച്ചർ മരിച്ചു കഴിഞ്ഞും അദ്ദേഹം എന്നോട് ഇതോർമ്മിച്ചു പറഞ്ഞിരുന്നു.
തൊണ്ണൂറ്റിയഞ്ചു വയസ്സു കഴിഞ്ഞ് അദ്ദേഹം വേർപിരിയുമ്പോൾ ചെറുപ്പുള്ളശ്ശേരിക്ക് നഷ്ടപ്പെടുക കാലം ബാക്കിവെച്ച അഭിജാതമായ ഒരു പാരമ്പര്യത്തിലെ ഏതാണ്ട് അവസാനത്തെ കണ്ണിയാണെന്നു പറയാം. ഇന്നത്തെ തലമുറയ്ക്ക് പഴയ തറവാടുകളിലെ കൂട്ടുകുടുംബത്തിൽ ജനിച്ചുവളരാനോ നാട്ടിൻപുറത്തെ നന്മകളെ പരിചയപ്പെടാനോ സാദ്ധ്യമാകണമെന്നില്ലല്ലോ.
സ്നേഹവും ആദരവും മറ്റുള്ളവർക്ക് എങ്ങിനെയാണ് പകർന്നുനല്കേണ്ടത് എന്ന് ഞാൻ പഠിച്ചത് ഒന്നു വല്യച്ഛനിൽ നിന്നാണ്. പിന്നെ കീഴേപ്പാട്ട് ജനാർദ്ദനമേനോനിൽനിന്നും.
പ്രണാമം.