കൊച്ചി: കേരളത്തിന്റെ തനത് കലകളും സംഗീതവും ഭക്ഷണപാരമ്പര്യവും കരകൗശലവിദ്യകളും നേരിട്ട് അനുഭവിച്ചറിയാനുള്ള വേദിയായി കേരള ട്രാവൽ മാർട്ട്—കെടിഎം 2026. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിനോദസഞ്ചാര മേഖലയിലെ പ്രതിനിധികൾക്കു മുന്നിൽ കേരളത്തിന്റെ ജീവിതത്തോടു ചേർന്നുനിൽക്കുന്ന പാരമ്പര്യങ്ങളാണ് കെടിഎം പരിചയപ്പെടുത്തിയത്.
പുലികളിയും കഥകളിയും മുതൽ ഒലപ്പീപ്പി, പഞ്ചാരപ്പാൽ മിഠായി, തഴപ്പായ, കെട്ടുവള്ളം, ചുണ്ടൻ വള്ളം എന്നിവയുടെ നിർമാണപാരമ്പര്യംവരെ കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക അടയാളങ്ങൾ ഇവിടെ സംഗമിച്ചു. കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും കേവലം പാരമ്പര്യത്തിന്റെ സംരക്ഷകരായല്ല, കേരളാനുഭവത്തിന്റെ കാവൽക്കാരായാണ് കെടിഎം അവതരിപ്പിച്ചത്.
മട്ടാഞ്ചേരിയുടെ ഈണവുമായി നെൽസൺ മാസ്റ്റർ
ആറുപതിറ്റാണ്ടോളമായി മട്ടാഞ്ചേരിയുടെ സംഗീതപാരമ്പര്യം സംരക്ഷിക്കുന്ന നെൽസൺ സേവ്യർ എന്ന നെൽസൺ മാസ്റ്ററുടെ സംഗീതാവതരണം ഏറെ ശ്രദ്ധേയമായി. പത്താം വയസ്സിൽ പിതാവിൽനിന്ന് ക്ലാരിനെറ്റ് വായിക്കാൻ പഠിച്ച അദ്ദേഹം പിന്നീട് സാക്സഫോണിലും പ്രാവീണ്യം നേടി. സംഗീതജ്ഞൻ, അധ്യാപകൻ, മാർഗദർശി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നെൽസൺ മാസ്റ്റർ ‘പ്രാണസഖി ഞാൻ’ ഉൾപ്പെടെയുള്ള പഴയകാല മലയാളഗാനങ്ങൾ അവതരിപ്പിച്ച് മട്ടാഞ്ചേരിയുടെ സംഗീതസ്മൃതികളെ സദസ്സിനു മുന്നിലെത്തിച്ചു.
മധുരമുള്ള ഓർമയായി പഞ്ചാരപ്പാൽ മിഠായി
കോഴിക്കോട്ടുകാരനായ എ.ടി. ബഷീർ എന്ന ‘മിഠായി ബഷീർ’ കേരളത്തിന്റെ പഴയകാല മധുരപാരമ്പര്യമായ പഞ്ചാരപ്പാൽ മിഠായിയുടെ നിർമാണമാണ് പരിചയപ്പെടുത്തിയത്. പിതാവിൽനിന്നു ലഭിച്ച ഈ പാരമ്പര്യം അഞ്ചു പതിറ്റാണ്ടിലേറെയായി അദ്ദേഹം സംരക്ഷിച്ചുവരുന്നു. പഞ്ചസാരയും വെള്ളവും നാരങ്ങാനീരും ഉപയോഗിച്ച് മോതിരം, വാച്ച്, പക്ഷികൾ തുടങ്ങിയ വിവിധ രൂപങ്ങളിൽ മിഠായി നിർമിക്കുന്ന അദ്ദേഹത്തിന്റെ വൈദഗ്ധ്യം കേരളത്തിന്റെ നാട്ടുരുചിയുടെ ഓർമകൾ ഉണർത്തി.
പുലിവേഷത്തിന്റെ പിന്നിലെ അധ്വാനം
തൃശൂരിന്റെ പ്രശസ്തമായ പുലികളിയുടെ സവിശേഷതകൾ പരിചയപ്പെടുത്തിയത് ഒല്ലൂർ സ്വദേശിയായ ടോണി സി.എസ്. ആണ്. പുലികളിയുടെ പാരമ്പര്യം നിലനിർത്തുന്ന കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം. ഒരു കലാകാരനെ പുലിവേഷത്തിലേക്ക് മാറ്റാൻ ആറുമുതൽ ഏഴുമണിക്കൂർവരെ നീളുന്ന ഒരുക്കങ്ങൾ ആവശ്യമാണ്. ചെണ്ട, തകിൽ, ഉടുക്ക് എന്നിവയുടെ താളത്തിൽ തെരുവിലിറങ്ങുന്ന പുലികളി കേരളത്തിന്റെ ആഘോഷസംസ്കാരത്തിന്റെ നിറപ്പകിട്ടാർന്ന പ്രതീകമാണെന്ന് അവതരണം വ്യക്തമാക്കി.
ഓലയിൽ വിരിയുന്ന ഒലപ്പീപ്പിയും കളിപ്പാട്ടങ്ങളും
തെങ്ങോല ഉപയോഗിച്ച് ഒലപ്പീപ്പിയും വിവിധ കളിപ്പാട്ടങ്ങളും നിർമിക്കുന്ന പുരുഷൻ മാരാരിക്കുളം അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കരകൗശലപാരമ്പര്യത്തെയാണ് കെടിഎം വേദിയിൽ അവതരിപ്പിച്ചത്. ചെറിയ കത്തി ഉപയോഗിച്ച് പച്ചത്തെങ്ങോലകളെ പല രൂപങ്ങളിലാക്കി മാറ്റുന്ന അദ്ദേഹത്തിന്റെ കഴിവ് സന്ദർശകർക്ക് കൗതുകമായി. ശില്പശാലകളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും ഈ അറിവ് പുതുതലമുറയ്ക്ക് പകർന്നുനൽകാനും അദ്ദേഹം പ്രവർത്തിക്കുന്നു.
കേരളത്തിലെ നാടൻ കലാരൂപങ്ങളെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും ജീവിതാനുഭവങ്ങളും പങ്കുവെച്ചത് മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനായ സത്യൻ സി. എന്ന സത്യൻ എടക്കാടാണ്. തലമുറകളിലൂടെ കൈമാറിയ കഥകളും അനുഭവങ്ങളുമാണ് കേരളത്തിന്റെ പല പരമ്പരാഗത കലാരൂപങ്ങൾക്കും രൂപം നൽകിയതെന്ന് അദ്ദേഹത്തിന്റെ വിവരണം ഓർമിപ്പിച്ചു.
ചരക്കുവള്ളത്തിൽനിന്ന് കെട്ടുവള്ളത്തിലേക്ക്
കേരളത്തിന്റെ കായൽജീവിതത്തെയും വിനോദസഞ്ചാരത്തെയും ലോകശ്രദ്ധയിലെത്തിച്ച കെട്ടുവള്ളങ്ങളുടെ ചരിത്രം കൊല്ലം ആലുംകടവ് സ്വദേശി സുദേവൻ അവതരിപ്പിച്ചു. പരമ്പരാഗത വള്ളംനിർമാണവിദ്യ സംരക്ഷിക്കുന്ന കുടുംബത്തിന്റെ പ്രതിനിധിയായ അദ്ദേഹം, ഒരുകാലത്ത് ചരക്കുകൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങൾ പിന്നീട് എങ്ങനെ കേരളത്തിന്റെ പ്രശസ്തമായ ഹൗസ്‌ബോട്ടുകളായി മാറിയെന്ന് വിശദീകരിച്ചു.
തഴപ്പായയിൽ പാരമ്പര്യവും പുതുമയും
കൊല്ലം തഴവയിലെ കരകൗശല പ്രവർത്തകർ കൈതോല ഉപയോഗിച്ച് നിർമിക്കുന്ന തഴപ്പായകളും കെടിഎമ്മിൽ ശ്രദ്ധ നേടി. പരമ്പരാഗത തഴപ്പായകൾക്കൊപ്പം ബീച്ച് മാറ്റുകൾ, കുഷനുകൾ, തൊപ്പികൾ, ബാഗുകൾ തുടങ്ങിയ പുതുമയാർന്ന ഉൽപ്പന്നങ്ങളും നിർമിക്കപ്പെടുന്നു. ഈ ഉൽപ്പന്നങ്ങൾക്കു പിന്നിലെ അധ്വാനവും അവ നിർമിക്കുന്ന സമൂഹങ്ങളുടെ ജീവിതവും അടുത്തറിയാനുള്ള അവസരമാണ് സന്ദർശകർക്ക് ലഭിച്ചത്.
ചുണ്ടൻ വള്ളങ്ങളുടെ ശില്പപാരമ്പര്യം
പ്രമുഖ വള്ളംനിർമാണ വിദഗ്ധനും വാസ്തുശില്പിയുമായ കൊഴിമുക്ക് സാബു നാരായണൻ ആശാരിയുടെ ചുണ്ടൻ വള്ളനിർമാണ വൈദഗ്ധ്യവും കെടിഎം വേദിയിൽ അവതരിപ്പിക്കപ്പെട്ടു. ചുണ്ടൻ വള്ളങ്ങളുടെ നിർമാണത്തിനു പിന്നിലെ അതുല്യമായ കരകൗശലജ്ഞാനം, കൂട്ടായ്മ, കായൽജീവിതവുമായി ബന്ധപ്പെട്ട സാമൂഹിക പാരമ്പര്യം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ സന്ദർശകർക്കു പരിചയപ്പെടുത്തിയത്.
കലകളും ഭക്ഷണവും സംഗീതവും കരകൗശലവിദ്യയും വള്ളംനിർമാണവും ഉൾപ്പെടുന്ന കേരളത്തിന്റെ തനത് പാരമ്പര്യങ്ങളെ കാഴ്ചവസ്തുക്കളായി മാത്രം അവതരിപ്പിക്കാതെ, അവയ്ക്കു പിന്നിലുള്ള മനുഷ്യരെയും ജീവിതാനുഭവങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തിയതാണ് കെടിഎം 2026-ന്റെ പ്രത്യേകത. പ്രകൃതിയും പാരമ്പര്യവും സമൂഹജീവിതവും ഒത്തുചേരുന്ന അനുഭവവേദ്യ വിനോദസഞ്ചാരത്തിന്റെ സമ്പന്നമായ സാധ്യതകളാണ് കേരള ട്രാവൽ മാർട്ട് തുറന്നുകാട്ടിയത്.
അനുഗ്രഹ വിഷൻ ന്യൂസ്