anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരളത്തിന്റെ സാമ്പത്തിക ഭൂപടം മാറ്റിവരച്ച് കെഫോൺ; വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് വൻ കുതിച്ചുചാട്ടം*

പരമ്പരാഗത വ്യവസായശാലകളുടെ എണ്ണം നോക്കി മാത്രം ഇനി ഒരു നാടിന്റെ പുരോഗതി വിലയിരുത്താനാവില്ല. ആഗോള വിപണി വിജ്ഞാനാധിഷ്ഠിതമായി വേഗത്തിൽ മാറുമ്പോൾ അവിടെ നിക്ഷേപങ്ങളെ ആകർഷിപ്പിക്കുന്നതും പുതിയ സംരംഭങ്ങളെ സൃഷ്ടിക്കുന്നതും കൃത്യതയുള്ള ടെലികോം അടിസ്ഥാനസൗകര്യങ്ങളാണ്. കേരള സർക്കാരിന്റെ പ്രധാന പദ്ധതിയായ കെഫോൺ വെറുമൊരു സേവനമോ ജനക്ഷേമ പ്രഖ്യാപനമോ മാത്രമല്ല; ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്കും വ്യവസായിക കുതിപ്പിനും മാത്രമല്ല, മറിച്ച് കേരളത്തിന്റെ ജി.ഡി.പി. വളർത്താനും വ്യവസായ അന്തരീക്ഷത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും ശേഷിയുള്ള ഒന്നാന്തരം സാമ്പത്തിക എൻജിനാണ.

ഡിജിറ്റൽ ആവാസവ്യവസ്ഥയെ ശാക്തീകരിച്ച് പ്രാദേശിക വ്യവസായങ്ങൾക്കും സംസ്ഥാന ഖജനാവിനും എങ്ങനെയാണ് പുതിയ വരുമാന വഴികൾ തുറക്കുന്നത് എന്ന് പരിശോധിക്കാം

1. ടെലികോം വിപണിയിലെ പൊതുമേഖല പ്രതിരോധവും ഡാറ്റ സ്വയം പര്യാപ്തതയും
ഇന്ത്യൻ ടെലികോം മേഖലയിൽ സ്വകാര്യ കമ്പനികളുടെ ആധിപത്യം ശക്തമാണ്. നിരക്കുകൾ ഇടയ്ക്കിടെ ഉയർത്തുന്നതിനും വിദൂര ഗ്രാമങ്ങളിൽ സേവനം എത്തിക്കാൻ വിമുഖത കാണിക്കുന്നതും സ്വകാര്യ ടെലികോം രംഗത്ത് സാധാരണമാണ്. ഇവിടെയാണ് കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതി ശ്രദ്ധേയമാകുന്നത്.

സ്വന്തമായി ടെലികോം ഫൈബർ നെറ്റ്‌വർക്ക് ഉള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കെഫോണിലൂടെ സംസ്ഥാനത്തിന് സ്വന്തമായി ഡാറ്റാ ഹൈവേ നിലവിൽ വന്നതോടെ:

● ഡിജിറ്റൽ കുത്തകകൾക്ക് തടയിടുന്നു: സ്വകാര്യ കമ്പനികൾ വില നിശ്ചയിക്കുന്ന വിപണിയിൽ ഒരു പൊതുമേഖലാ ശക്തിയായി കെഫോൺ നിലകൊള്ളുന്നു.

● വിലക്കയറ്റത്തിനെതിരെ സംരക്ഷണം: ഡാറ്റാ നിരക്കുകൾ വർദ്ധിക്കുമ്പോഴും ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും കുറഞ്ഞ ചെലവിൽ ഹൈ-സ്പീഡ് ഇന്റർനെറ്റ് ഉറപ്പാക്കാൻ കെഫോണിന് കഴിയുന്നു.
● സംസ്ഥാനത്തിന്റെ സാമ്പത്തിക ലാഭം: സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സ്വകാര്യ നെറ്റ്‌വർക്ക് സേവനങ്ങൾക്കായി പ്രതിവർഷം ചെലവഴിക്കേണ്ടിവന്നിരുന്ന വലിയ തുക ലാഭിക്കാനാകുന്നതിലൂടെ സംസ്ഥാനത്തിന് നേരിട്ടുള്ള സാമ്പത്തിക നേട്ടവും കെഫോൺ നൽകുന്നു. ഈ ചെലവ് കുറയുന്നതിലൂടെ പൊതുഖജനാവിലെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനും ലഭിക്കുന്ന വിഭവങ്ങൾ മറ്റ് വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും സാധിക്കും.

2. ടയർ-2, ടയർ-3 നഗരങ്ങളുടെ പുതിയ വ്യവസായ മുഖം
കേരളത്തിന്റെ വ്യവസായ വളർച്ച എപ്പോഴും ഭൂമിയുടെ ലഭ്യതക്കുറവ് കൊണ്ട് വെല്ലുവിളികൾ നേരിട്ടിട്ടുള്ള ഒന്നാണ്. വൻകിട ഫാക്ടറികൾ സ്ഥാപിക്കുന്നതിനേക്കാൾ കേരളത്തിന് അനുയോജ്യം പരിസ്ഥിതി സൗഹൃദമായ ഐ.ടി, ഐ.ടി- അനുബന്ധ സേവനങ്ങളാണ്. എന്നാൽ ഐ.ടി കമ്പനികൾ പ്രവർത്തിക്കണമെങ്കിൽ തടസ്സമില്ലാത്ത അതിവേഗ ഇന്റർനെറ്റ് അത്യാവശ്യമാണ്.
കൊച്ചി, തിരുവനന്തപുരം പോലെയുള്ള മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഐ.ടി നിക്ഷേപങ്ങൾ ഇന്ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ടയർ-2, ടയർ-3 നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടരുകയാണ്.

● പ്രാദേശിക ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും കെഫോൺ കുറഞ്ഞ നിരക്കിൽ ലീസിംഗ് കണക്റ്റിവിറ്റി നൽകുന്നു.
● റിയൽ എസ്റ്റേറ്റ്, പ്രാദേശിക വികസനം: ചെറിയ ടൗണുകളിൽ പുതിയ ഓപ്പൺ വർക്കിംഗ് സ്‌പേസുകൾ (Coworking spaces) ഉയർന്നു വരുന്നു. ഇത് പ്രാദേശികമായി വൻകിട റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ മേഖലകൾക്ക് പുത്തൻ ഉണർവ് നൽകുന്നു.

3. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലേക്ക് ഡിജിറ്റൽ വിപ്ലവം എത്തുമ്പോൾ
ഒരു ഗ്രാമത്തിൽ ഇന്റർനെറ്റ് എത്തുന്നത് അവിടെയുള്ള ആളുകളുടെ വരുമാന സ്രോതസ്സുകളെ എങ്ങനെ ബാധിക്കുന്നു എന്നത് വളരെയധികം ഗവേഷണ പ്രാധാന്യമുള്ള വിഷയമാണ്.

മുമ്പ് തൊഴിലവസരങ്ങൾ തേടി വിദേശങ്ങളിലേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ കുടിയേറിയിരുന്ന യുവതലമുറയ്ക്ക്, ഇന്ന് തങ്ങളുടെ സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അന്തരീക്ഷം (Remote Work Culture) ഉണ്ടാക്കിയെടുക്കാൻ കെഫോണിന് സാധിച്ചു.

● റിവേഴ്‌സ് മൈഗ്രേഷൻ (Reverse Migration): വലിയ നഗരങ്ങളിലെ വാടക, ഭക്ഷണച്ചെലവ് എന്നിവ ഒഴിവാക്കി സ്വന്തം നാട്ടിൽ താമസിച്ചു ജോലി ചെയ്യാൻ ഫ്രീലാൻസർമാർക്കും ഐ.ടി ജീവനക്കാർക്കും സാധിക്കുന്നു.
● പ്രാദേശിക ഉപയോഗം: ഇവർ സമ്പാദിക്കുന്ന പണം സ്വന്തം ഗ്രാമങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും സേവന മേഖലകളിലേക്കുമാണ് ഒഴുകുന്നത്. ഇത് ഗ്രാമീണ വിപണിയെ സജീവമായി നിലനിർത്തുന്നു.

4. ഇ-ഗവേണൻസും ഭരണസൗകര്യത്തിലെ സുതാര്യതയും

ഏതൊരു വികസിത രാജ്യത്തിന്റെയും ഭരണസൗകര്യത്തിന് പിന്നിൽ കാര്യക്ഷമമായ ഡിജിറ്റൽ സംവിധാനങ്ങളുണ്ട്. സർക്കാരിന്റെ സേവനങ്ങൾ പൂർണ്ണമായും ഇ-ഗവേണൻസ് (e-Governance) പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുമ്പോൾ അതിനെ താങ്ങിനിർത്തുന്ന ആകെത്തുകയാണ് കെഫോൺ.

കെ-സ്മാർട്ടും ഇ-ഓഫീസും: കെഫോണിന്റെ വിപുലമായ ബാൻഡ്‌വിഡ്ത്ത് പിന്തുണയോടെ പ്രവർത്തിക്കുന്ന കെ-സ്മാർട്ട് പോലുള്ള സംവിധാനങ്ങൾ പഞ്ചായത്ത്, വില്ലേജ് തലങ്ങളിൽ ഫയൽ നീക്കം മിനിറ്റുകൾക്കുള്ളിൽ സാധ്യമാക്കുന്നു.

ഇല്ലാതാകുന്ന ചുവപ്പുനാടകൾ: രേഖകൾക്കായി ദിവസങ്ങളോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുന്നതോടെ പുതിയ സംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാകുന്നു (Ease of Doing Business).

5. ബിസിനസ്സ് വൈവിധ്യവൽക്കരണം: വാർത്താവിനിമയത്തിൽ നിന്നും വിനോദമേഖലയിലേക്ക്
കേവലം ഒരു ഇന്റർനെറ്റ് സേവന ദാതാവ് (ISP) എന്ന നിലയിൽ മാത്രം ഒതുങ്ങിനിൽക്കാൻ കെഫോൺ ആഗ്രഹിക്കുന്നില്ല. ഒരു ബിസിനസ്സ് സംരംഭം എന്ന നിലയിൽ തങ്ങളുടെ വരുമാന മാർഗ്ഗങ്ങൾ വിപുലീകരിക്കാൻ കെഫോണിന് സാധിച്ചിട്ടുണ്ട്.
● കെഫോൺ ഒടിടി പ്ലാറ്റ്‌ഫോം: വിനോദ മേഖലയിൽ സ്വകാര്യ ആപ്പുകൾ ഈടാക്കുന്ന വൻ തുകകൾക്ക് ബദലായി, 350-ലധികം ലൈവ് ചാനലുകളും പ്രധാന OTT പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുത്തി സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ വിനോദം ലഭ്യമാക്കുന്നു.
● ലോക്കൽ കേബിൾ ഓപ്പറേറ്റർമാരുടെ ശൃംഖല: പ്രാദേശിക കേബിൾ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരെ (LCO) പങ്കാളികളാക്കിക്കൊണ്ടാണ് കെഫോൺ വീടുകളിലേക്ക് കണക്ഷൻ നൽകുന്നത്. ഇത് പ്രാദേശികമായി ആയിരക്കണക്കിന് ചെറുകിട വ്യവസായികളുടെയും ടെക്നീഷ്യൻമാരുടെയും ഉപജീവനമാർഗ്ഗത്തെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു.

6. ദുരന്തനിവാരണവും ‘സ്മാർട്ട്’ സുരക്ഷയും

കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും പതിവാകുന്ന ഒരു ഭൂപ്രകൃതിയാണ് കേരളത്തിന്റേത്. പ്രളയമോ ഉരുൾപൊട്ടലോ ഉണ്ടാകുമ്പോൾ സ്വകാര്യ മൊബൈൽ ടവറുകൾ പ്രവർത്തന രഹിതമാകുന്നത് നാം കണ്ടിട്ടുണ്ട്. കെഫോണിന്റെ ദൃഢമായ അണ്ടർഗ്രൗണ്ട്/ഏരിയൽ ഫൈബർ ശൃംഖല പ്രകൃതിദുരന്ത ഘട്ടങ്ങളിൽ തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പുനൽകുന്നു.

● എ.ഐ ക്യാമറകളും വനപാലനവും: വനാതിർത്തികളിൽ വന്യജീവി ആക്രമണങ്ങൾ തടയാൻ സ്ഥാപിക്കുന്ന എ.ഐ (Artificial Intelligence) ക്യാമറകൾക്കും തത്സമയ ജാഗ്രതാ സംവിധാനങ്ങൾക്കും തടസ്സമില്ലാത്ത കെഫോൺ ശൃംഖല നൽകാൻ സാധിക്കും.

● വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ: മൂന്നാർ, വയനാട്, വാഗമൺ തുടങ്ങിയ മലയോര ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും അതിവേഗ ഇന്റർനെറ്റ് എത്തുന്നതോടെ ‘വർക്കേഷൻ’ (Workation) കേന്ദ്രങ്ങളായി ഇവ മാറുന്നു.

7. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും നവസംരംഭകത്വവും

ഒരു നാടിന്റെ സാമ്പത്തിക ഭാവിയെ നിർണ്ണയിക്കുന്നത് അവിടെ രൂപപ്പെടുന്ന പുതിയ ആശയങ്ങളും ചെറുപ്പക്കാരായ സംരംഭകരുമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ, ചെറുകിട സ്റ്റാർട്ടപ്പുകൾക്കും പ്രാദേശിക ഐ.ടി സംരംഭങ്ങൾക്കും ഉയർന്ന തുക മുടക്കി ഹൈ-സ്പീഡ് കൊമേഴ്സ്യൽ കണക്റ്റിവിറ്റി സ്വന്തമാക്കുക എന്നത് തുടക്കത്തിൽ വലിയൊരു സാമ്പത്തിക ബാധ്യതയായിരുന്നു. ഈ കടമ്പയാണ് കെഫോൺ വളരെ ലളിതമായി മറികടന്നത് .

കെഫോണിന്റെ അതിവേഗ ഫൈബർ ശൃംഖല കുറഞ്ഞ ചെലവിൽ ലഭ്യമായതോടെ, കേരളത്തിലെ നഗരപ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങിനിന്നിരുന്ന ഇൻകുബേറ്ററുകൾ, കോ-വർക്കിംഗ് സ്‌പേസുകൾ, ഇന്നൊവേഷൻ ഹബ്ബുകൾ എന്നിവ ഇന്ന് ഗ്രാമീണ മേഖലകളിലേക്ക് വേഗത്തിൽ വ്യാപിക്കുകയാണ്. വയനാടോ ഇടുക്കിയോ പോലെയുള്ള മലയോര ജില്ലകളിലിരുന്ന് കൊണ്ടുതന്നെ നിർമ്മിത ബുദ്ധി (Artificial Intelligence), മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ബ്ലോക്ക്ചെയിൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ പ്രോജക്ടുകൾ വികസിപ്പിക്കാൻ നമ്മുടെ ചെറുപ്പക്കാർക്ക് സാധിക്കുന്നു. വൻകിട കോർപ്പറേറ്റുകളോട് മത്സരശേഷിയുള്ള തദ്ദേശീയ സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങളും ഡിജിറ്റൽ സേവനങ്ങളും കെഫോണിന്റെ കരുത്തിൽ ഇന്ന് പിറവിയെടുക്കുന്നു.

ഇതിനുപുറമെ, ഇ-കോമേഴ്‌സ് രംഗത്തും വൻ മുന്നേറ്റമാണ് കെഫോൺ സാധ്യമാക്കുന്നത്. ഗ്രാമീണ കർഷകർ, കൈത്തറി തൊഴിലാളികൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് തങ്ങളുടെ തദ്ദേശീയ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ആഗോള വിപണിയിലെത്തിക്കാൻ കെഫോണിന്റെ തടസ്സമില്ലാത്ത ഇന്റർനെറ്റ് സൗകര്യം വലിയ തുണയാകുന്നു. അതായത്, വിജ്ഞാനം ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം തന്നെ അതിനെ വിപണനം ചെയ്യാനും സാമ്പത്തിക മൂല്യമുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റാനും പ്രാദേശിക തലത്തിൽ പുതിയൊരു ഡിജിറ്റൽ സംരംഭകത്വ സംസ്കാരം നിലവിൽ വരുന്നു. സാമ്പത്തിക ഉത്തേജനത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് ആക്കം കൂട്ടുന്നു.

8. സാമൂഹിക തുല്യതയും ഡിജിറ്റൽ ജനാധിപത്യവൽക്കരണവും

വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ അമരത്തേക്ക് കേരളം കുതിക്കുമ്പോഴും, വികസനത്തിന്റെ ഫലങ്ങൾ സമൂഹത്തിലെ എല്ലാ തട്ടുകളിലുമുള്ള ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ലോകമെമ്പാടും വലിയൊരു ‘ഡിജിറ്റൽ ഇടവേള’ (Digital Divide) രൂപപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി ശേഷിയുള്ളവർക്ക് മികച്ച ഡിജിറ്റൽ അവസരങ്ങൾ ലഭിക്കുകയും സാധാരണക്കാർ പിന്നാക്കം പോവുകയും ചെയ്യുന്ന ഈ അവസ്ഥയ്ക്ക് പൂർണ്ണ പരിഹാരവുമായാണ് കെഫോൺ നിലകൊള്ളുന്നത്.

കേരളത്തിൽ ഇന്റർനെറ്റ് ഒരു ആഡംബരമല്ല, മറിച്ച് ഓരോ പൗരന്റെയും മൗലിക അവകാശമാണ് എന്ന വിപ്ലവാത്മകമായ പ്രഖ്യാപനത്തിന്റെ പ്രായോഗിക രൂപമാണ് ഈ പദ്ധതി. നിർദ്ധനരായ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് സൗജന്യമായി അതിവേഗ കണക്ഷൻ നൽകുന്നതിലൂടെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിൽ ഒരു കുട്ടിയുടെയും വിദ്യാഭ്യാസമോ വിജ്ഞാന സ്രോതസ്സുകളോ തടസ്സപ്പെടില്ലെന്ന് സർക്കാർ ഉറപ്പുവരുത്തുന്നു. ചേരികളിലും വിദൂര മലയോര ആദിവാസി ഊരുകളിലും ഇന്റർനെറ്റ് എത്തുന്നത് വഴി തലമുറകളായി അനുഭവിച്ചിരുന്ന പാർശ്വവൽക്കരണത്തിന് വിരാമമിടാൻ സാധിക്കുന്നു. ലോക വിവരശേഖരങ്ങളിലേക്കും ആഗോള തൊഴിൽ വിപണിയിലേക്കും ഈ ജനവിഭാഗങ്ങൾക്ക് നേരിട്ട് പ്രവേശനം ലഭിക്കുമ്പോൾ, അത് വലിയൊരു സാമൂഹിക ഉന്നമനത്തിന് വഴിവെക്കുന്നു.

കൂടാതെ, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, അംഗൻവാടികൾ എന്നിവയെല്ലാം ഒരൊറ്റ ശൃംഖലയിൽ ബന്ധിപ്പിക്കപ്പെടുന്നതോടെ പൊതുസേവനങ്ങളുടെ ഗുണനിലവാരം വൻതോതിൽ ഉയരുന്നു. കേവലം കേബിളുകൾ സ്ഥാപിക്കുന്നതിലുപരി, വിജ്ഞാനത്തിന്റെയും അവസരങ്ങളുടെയും ജനാധിപത്യവൽക്കരണമാണ് ഇതിലൂടെ നടക്കുന്നത്. വിജ്ഞാന വിതരണത്തിലെ ഈ സമത്വം വരുംതലമുറയെ കൂടുതൽ പ്രാപ്തരും ലോകത്തോട് മത്സരശേഷിയുള്ളവരുമാക്കാൻ പ്രാപ്തരാക്കുന്നു.

ഭാവിയിലേക്കുള്ള ഡിജിറ്റൽ കരുതൽ

പത്തൊൻപതാം നൂറ്റാണ്ടിൽ റെയിൽവേ ലൈനുകൾ സ്ഥാപിച്ചതാണ് ലോക വ്യവസായ വിപ്ലവത്തിന് അടിത്തറയിട്ടതെങ്കിൽ, ഇരുപത്തൊന്നുാം നൂറ്റാണ്ടിൽ അതിവേഗ ഫൈബർ നെറ്റ്‌വർക്കുകളാണ് വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ (Knowledge Economy) ജീവനാഡി.
കെഫോൺ കേവലം സർക്കാർ നിർമ്മിച്ച ഒരു നെറ്റ്‌വർക്ക് സംവിധാനമല്ല; കേരളത്തിന്റെ വരുംതലമുറയ്ക്കായി ഒരുക്കുന്ന ഒരു ദീർഘകാല നിക്ഷേപമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും നിർണായകമാകുന്ന ഭാവിയിൽ, സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനത്തിന്റെ അഭാവം ഒരു പൗരന്റെയും അവസരങ്ങളെ പരിമിതപ്പെടുത്തരുതെന്ന ദീർഘവീക്ഷണമാണ് കെഫോണിന്റെ അടിത്തറ. നഗരമെന്നോ ഗ്രാമമെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമായ ഡിജിറ്റൽ അവസരങ്ങൾ ഉറപ്പാക്കുന്നതിലൂടെ, ഡിജിറ്റൽ ഉൾക്കൊള്ളലിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും മേഖലയിൽ കേരളത്തിന് സ്വന്തം മാതൃക സൃഷ്ടിക്കുകയാണ് കെഫോൺ. സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുന്നതിലൂടെ, അറിവ് അധിഷ്ഠിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് കെഫോൺ ശക്തമായ അടിത്തറയാകുന്നു.

വ്യവസായിക വളർച്ചയും ഡിജിറ്റൽ ജനാധിപത്യവൽക്കരണവും തടസ്സമില്ലാതെ സമന്വയിക്കുന്ന കെഫോൺ, കേരളത്തിന്റെ ഭാവിയിലേക്കുള്ള സമഗ്ര വികസന രൂപരേഖയായ ‘ടെക്-ട്രാൻസ്ഫോർമേഷന്’ കരുത്തുറ്റ അടിത്തറയേകുകയും സാങ്കേതിക മുന്നേറ്റങ്ങളിൽ രാജ്യത്തിനുതന്നെ മാതൃകയാവുകയും ചെയ്യുന്നു. സാമ്പത്തിക അവസരങ്ങളുടെ വികേന്ദ്രീകരണവും പൗരാവകാശങ്ങളുടെ ഡിജിറ്റൽ സംരക്ഷണവും ഒരുപോലെ സാധ്യമാക്കുന്ന ഈ പദ്ധതി, വരുന്ന ഓരോ തലമുറയ്ക്കും സ്വയംപര്യാപ്തതയോടെ ആഗോളതലത്തിൽ തലയുയർത്തി നിൽക്കാനുള്ള അമൂല്യമായ പ്രതിരോധ കോട്ടയായി ഭാവിയിൽ മാറും.മാറ്റത്തിന്റെ ഈ പുതിയ യുഗത്തിൽ, വിവര സാങ്കേതികവിദ്യയുടെ ജനാധിപത്യപരമായ മുന്നേറ്റത്തിലൂടെ സംസ്ഥാനത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കാൻ കെഫോൺ എന്നും മുന്നിൽ തന്നെ കാണും.
***

Spread the News

Leave a Comment

IMG 20260806 WA0051