പാതായ്ക്കര: കോരോക്കുളം അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നടന്നുവരുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കുന്ന നടപ്പന്തലിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്ഷേത്രം മേൽശാന്തി പ്രദീപ് കുമാർ നിലവിളക്കിൽ തിരിതെളിയിച്ച് നിർമാണപ്രവർത്തനങ്ങൾക്ക് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുടക്കം കുറിച്ചു.
ക്ഷേത്രത്തിന്റെ മുഖ്യരക്ഷാധികാരി വേലായുധൻ നായർ, പരിയാരത്ത് ബാലൻ നായർ, ക്ഷേത്രത്തിലെ വികസനപ്രവർത്തനങ്ങൾക്ക് നിരന്തരം പിന്തുണ നൽകുന്ന മാടമ്പത്ത് ബാലൻ, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി എന്നും ഒപ്പം നിൽക്കുന്ന ഭക്തജനങ്ങളുടെ നിർലോഭമായ സഹകരണത്തോടെ നടപ്പന്തൽ നിർമാണം വിജയകരമായി പൂർത്തിയാക്കാനാണ് ഭരണസമിതിയുടെ ലക്ഷ്യം. ഈ ഉദ്യമത്തിന് എല്ലാ ഭക്തജനങ്ങളുടെയും പിന്തുണയും സഹകരണവും ഭരണസമിതി അഭ്യർഥിച്ചു.