anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന ‘സിടി ഡിഎൻഎ’ വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി

കൊച്ചി, 02 ഒക്ടോബർ 2026: ക്യാൻസർ രോഗനിർണയത്തിലും ചികിത്സയിലും വലിയ മുന്നേറ്റമുണ്ടാക്കുന്ന സർക്കുലേറ്റിംഗ് ട്യൂമർ ഡിഎൻഎ (സിടിഡിഎൻഎ) പരിശോധനകൾ സാധാരണക്കാർക്ക് കൂടുതൽ ലഭ്യമാകുന്ന രീതിയിൽ രാജ്യത്തെ പ്രമുഖ ലാബുകളിൽ ചെലവ് കുറഞ്ഞ രീതിയിൽ ആരംഭിച്ചു വരുന്നത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ക്യാൻസർ രോഗവിദഗ്ദ്ധർ. ക്യാൻസർ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്ന ഈ നൂതന സാങ്കേതികവിദ്യയുടെ സാധ്യതകൾ വിശദീകരിക്കുന്ന പഠനസെഷനുകൾ കൊച്ചിയിൽ ആരംഭിച്ച ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിൽ (എക്യൂസികോൺ) 2026 ആദ്യദിനം ശ്രദ്ധേയമായി.

ക്യാൻസറിന് കാരണമാകുന്ന ജീൻ വ്യതിയാനങ്ങൾ കണ്ടെത്തുന്നതിൽ വലിയ വിപ്ലവമാണ് ‘സിടി ഡിഎൻഎ’ സാങ്കേതികവിദ്യ വരുത്തുന്നത്. സാധാരണ സ്കാനിംഗ് രീതികളിലൂടെ ട്യൂമറുകൾ കണ്ടെത്തുമ്പോഴേക്കും, അർബുദ കോശങ്ങളുടെ വളർച്ച രോഗം പൂർണ്ണമായി ഭേദമാക്കാൻ പ്രയാസമുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടാകും. എന്നാൽ രക്തപരിശോധനയിലൂടെ സർക്കുലേറ്റിംഗ് ട്യൂമർ ഡിഎൻഎ കണ്ടെത്തുന്നതിലൂടെ, രോഗവളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ വേഗത്തിൽ രോഗനിർണയം സാധ്യമാകുന്നു. ഇത്തരം പരിശോധനകൾ ഇന്ത്യൻ ലാബുകളിലും ലഭ്യമായിത്തുടങ്ങിയതോടെ ഇവയുടെ ചെലവ് ഗണ്യമായി കുറഞ്ഞുവരുന്നുണ്ട്. അതിൽ പരിശോധനകളുടെ കൃത്യതയും രോഗനിർണയക്ഷമതയും ഉറപ്പാക്കുന്നതിനുള്ള കൂടുതൽ പഠനങ്ങൾ നടന്നുവരികയാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

ക്യാൻസർ പരിചരണ രംഗത്ത് പുത്തൻ ആശയങ്ങളും നവീകരണങ്ങളും പങ്കുവെച്ച് രോഗികളുടെ ചികിത്സാഫലം മെച്ചപ്പെടുത്തുന്നതിനായി ക്യാൻസർ രോഗവിദഗ്ദ്ധരെ ഒന്നിച്ച് കൊണ്ടുവരുന്നതാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യമെന്ന് എക്യൂസികോൺ ഓർഗനൈസിംഗ് സെക്രട്ടറിയും ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. അരുൺ ആർ. വാര്യർ വ്യക്തമാക്കി.

പ്രായമായവരിലെ ക്യാൻസർ (ജറിയാട്രിക് ഓങ്കോളജി) നിയന്ത്രിക്കുന്നതിൽ മരുന്നുകൾക്കും ശസ്ത്രക്രിയകൾക്കും പുറമേ, മാനസിക പിന്തുണ, ശരിയായ ജീവിതശൈലി എന്നിവ നൽകേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. കൂടാതെ, വംശപാരമ്പര്യമായി വരുന്ന ക്യാൻസറുകളെക്കുറിച്ചും ജീനോമിക് ഓങ്കോളജിയെക്കുറിച്ചുമുള്ള പ്രത്യേക ചർച്ചകൾ കോൺക്ലേവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാരമ്പര്യമായി ക്യാൻസർ വരുമോയെന്ന ഭയം മൂലം പല കുടുംബങ്ങളും രോഗവിവരങ്ങൾ പുറത്തുപറയാൻ മടിക്കുന്ന പൊതു തെറ്റിദ്ധാരണകളെ തുറന്നുകാട്ടാനും അതിനെ കുറിച്ച് ജനങ്ങളിൽ ധാരണ വളർത്താനും കോൺക്ലേവ് ലക്ഷ്യമിടുന്നു.

ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന എക്യൂസികോൺ കോൺക്ലേവിൽ രാജ്യത്തുടനീളമുള്ള ക്യാൻസർ രോഗവിദഗ്ദ്ധർ അറുപതിലധികം അക്കാദമിക് സെഷനുകളിൽ പങ്കാളികളാകും. വിദഗ്ധ പാനൽ ചർച്ചകൾ, കേസ് അധിഷ്ഠിത സംവാദങ്ങൾ, ക്ലിനിക്കൽ ഗവേഷണ അവതരണങ്ങൾ തുടങ്ങിയവ വരും ദിവസങ്ങളിലും നടക്കും. ആസ്റ്റർ, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നിവ ഒറ്റ സംയുക്ത ആരോഗ്യ സംരക്ഷണ സ്ഥാപനമായി കൈകോർക്കുന്ന ഈ പതിപ്പ് ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രധാന മുന്നേറ്റമായിരിക്കും.

Spread the News

Leave a Comment

IMG 20260806 WA0051