anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി, 03 ഒക്ടോബർ 2026: കേരളത്തിൽ വർദ്ധിച്ചുവരുന്ന ക്യാൻസർ രോഗനിരക്കിന് തടയിടാനും രോഗനിർണയത്തിലും ചികിത്സയിലും പുതിയ ശാസ്ത്രീയ മുന്നേറ്റങ്ങൾ കൈവരിക്കാനുമുള്ള സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന്റെ (എക്യൂസികോൺ) 2026 ഓൺലൈൻ ആയി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ സംബന്ധിച്ചിടത്തോളം ക്യാൻസർ പ്രതിരോധത്തിനും നൂതന ചികിത്സാ രീതികൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “കൃത്യമായി വ്യായാമം ചെയ്യുന്ന ആരോഗ്യമുള്ള യുവാക്കളിൽ പോലും ഇന്ന് ക്യാൻസർ കണ്ടുവരുന്നുണ്ട്. പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ രോഗം തിരിച്ചറിയാൻ കഴിയാത്തത് വെല്ലുവിളിയാണ്. ഈ സെമിനാറിലെ ചർച്ചകളും നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുകയും, ആവശ്യമായ തുടർനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കുകയും ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ഘാടന ചടങ്ങിൽ ക്യാൻസർ രോഗികൾക്കും അർബുദത്തെ അതിജീവിച്ചവർക്കും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കുമായി ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഒരുക്കുന്ന പ്രത്യേക പിന്തുണാ പദ്ധതിയായ ‘സഖി’യുടെ അഞ്ചാമത്തെ പതിപ്പിന്റെ ലോഞ്ച് സിനിമ താരം ദിവ്യ പിള്ളയും എക്യൂസികോൺ ചെയർപേഴ്സൺ ഡോ. ജെം കളത്തിലും ചേർന്ന് നിർവഹിച്ചു. അതിജീവിതർക്കുള്ള വിവിധ പിന്തുണകൾ, ഓൺലൈൻ ക്ലാസുകൾ, സഹായങ്ങൾ എന്നിവ നൽകുന്നതിനൊപ്പം സ്തനാർബുദ നിർണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വയം പരിശോധനാ രീതികളെക്കുറിച്ചും വിവിധ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളും ‘സഖി’ വഴി സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് (ഇന്ത്യ-1) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. രമേഷ് കുമാർ ‘ഓങ്കോ ഇൻഫ്യൂഷൻ ഡേ കെയർ’ ഏരിയയുടെ സോഫ്റ്റ് ലോഞ്ചും ചടങ്ങിന്റെ ഭാഗമായി നിർവ്വഹിച്ചു.

‘കേരളത്തിൽ ക്യാൻസർ നിരക്ക് ഉയർന്നതാണെങ്കിലും, രോഗം നേരത്തേ കണ്ടെത്തുകയും ഇമ്മ്യൂണോതെറാപ്പി, പ്രിസിഷൻ ഓങ്കോളജി തുടങ്ങിയ ആധുനിക ചികിത്സാ രീതികളും വഴി ഫലപ്രദമായി ചികിത്സിക്കാനും ഭേദമാക്കാനും സാധിക്കും. ഈ ലക്ഷ്യത്തോടെ, സർജിക്കൽ, മെഡിക്കൽ, റേഡിയേഷൻ, ന്യൂക്ലിയർ ഓങ്കോളജി എന്നീ മേഖലകളിലെ വിദഗ്ധരെ ‘ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ്’ ഒരുമിപ്പിക്കുന്നു. ഗവേഷണ സഹകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര നിലവാരവും താങ്ങാനാവുന്നതും വ്യക്തിഗതവുമായ ചികിത്സ ലഭ്യമാക്കി കൂടുതൽ ജീവനുകൾ രക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്.’ ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി (ജിസിസി & ഇന്ത്യ)യുടെ ഗ്ലോബൽ ഡയറക്ടർ പ്രൊഫ. ഡോ. സോമശേഖർ എസ്. പി. പറഞ്ഞു.

വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ക്യാൻസർ ചികിത്സാ രീതിയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും ഇതിൽ, കൃത്യമായ ചികിത്സാ പദ്ധതി ആസൂത്രണം ചെയ്യുന്നതിനും അതുവഴി ദീർഘകാലാടിസ്ഥാനത്തിലുള്ള ഫലങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും ‘പ്രിസിഷൻ ഓങ്കോളജി’ സഹായിക്കുന്നു എന്ന് എക്യൂസികോൺ ഓർഗനൈസിംഗ് സെക്രട്ടറിയും കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ സീനിയർ മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റുമായ ഡോ. അരുൺ ആർ. വാര്യർ പറഞ്ഞു.

ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന എക്യൂസികോൺ കോൺക്ലേവിൽ രാജ്യത്തുടനീളമുള്ള ക്യാൻസർ രോഗവിദഗ്ദ്ധർ അറുപതിലധികം അക്കാദമിക് സെഷനുകളിൽ പങ്കാളികളാകും. വിദഗ്ധ പാനൽ ചർച്ചകൾ, കേസ് അധിഷ്ഠിത സംവാദങ്ങൾ, ക്ലിനിക്കൽ ഗവേഷണ അവതരണങ്ങൾ തുടങ്ങിയവ വരും ദിവസങ്ങളിലും നടക്കും. ആസ്റ്റർ, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നിവ ഒറ്റ സംയുക്ത ആരോഗ്യ സംരക്ഷണ സ്ഥാപനമായി കൈകോർക്കുന്ന ഈ പതിപ്പ് ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രധാന മുന്നേറ്റമായിരിക്കും.

ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി (ജിസിസി & ഇന്ത്യ) ഗ്ലോബൽ ഡയറക്ടർ പ്രൊഫ. ഡോ. സോമശേഖർ എസ്.പി., ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇന്ത്യ-1) എസ്. രമേഷ് കുമാർ, ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് സെൻട്രൽ കേരള റീജിയണൽ സിഇഒ ഡോ. നളന്ദ ജയദേവ്, നടി ദിവ്യ പിള്ള, എക്യൂസികോൺ ചെയർപേഴ്സൺമാരായ ഡോ. ജെം കളത്തിൽ, ഡോ. കെ.വി. ഗംഗാധരൻ, ഡോ. സി.എൻ. പാട്ടീൽ, സെക്രട്ടറിമാരായ ഡോ. അരുൺ ആർ. വാരിയർ, ഡോ. ശരത് എസ്. തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051