anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലൈസൻസിന് 10,000 രൂപ കൈക്കൂലി; തിരൂരങ്ങാടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

മലപ്പുറം: പുതുതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് കടയ്ക്കും നഗരസഭാ ലൈസൻസ് അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ തിരൂരങ്ങാടി നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ശ്രീജിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഇയാൾ പരപ്പനങ്ങാടിയിലെ താമസസ്ഥലത്തുവെച്ചാണ് മലപ്പുറം വിജിലൻസ് സംഘത്തിന്റെ ട്രാപ്പ് ഓപ്പറേഷനിൽ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചെമ്മാട്–കൊടിഞ്ഞി റോഡിൽ ഹോട്ടലും ജ്യൂസ് കടയും ആരംഭിച്ച പ്രവാസി വനിതയാണ് പരാതിക്കാരി. സ്ഥാപനങ്ങൾക്ക് നഗരസഭാ ലൈസൻസ് ലഭിക്കുന്നതിനായി ഇവർ കെ–സ്മാർട്ട് സംവിധാനത്തിലൂടെ അപേക്ഷ നൽകിയിരുന്നു. എന്നാൽ രേഖകൾ കൃത്യമല്ലെന്ന കാരണത്താൽ അപേക്ഷകൾ മടക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് വീണ്ടും അപേക്ഷിച്ചെങ്കിലും ലൈസൻസ് ലഭിക്കുന്നത് വൈകുകയായിരുന്നു.

ലൈസൻസ് നടപടികൾ സംബന്ധിച്ച് സുഹൃത്ത് മുഖേന ശ്രീജിയെ സമീപിച്ചപ്പോഴാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. ഇതോടെ പരാതിക്കാരി മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ കൈക്കൂലി ഇടപാട് പിടികൂടാൻ കെണിയൊരുക്കുകയായിരുന്നു.

ഒക്ടോബർ ഒന്നിന് വൈകിട്ട് ഏകദേശം 6.45ന് പരപ്പനങ്ങാടിയിലെ വാടക താമസസ്ഥലത്തുവെച്ച് ശ്രീജി പരാതിക്കാരിയിൽനിന്ന് പണം സ്വീകരിച്ചതായാണ് റിപ്പോർട്ട്. പിന്നാലെ വിജിലൻസ് സംഘം എത്തിയപ്പോൾ കൈക്കൂലിയായി ലഭിച്ച നോട്ടുകൾ ശൗചാലയത്തിലിട്ട് വെള്ളമൊഴുക്കി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിലുണ്ട്.

പണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയതെന്നും തുടർന്നുള്ള ചോദ്യംചെയ്യലിലാണ് നോട്ടുകൾ ശൗചാലയത്തിലിട്ട വിവരം പുറത്തുവന്നതെന്നും റിപ്പോർട്ട് പറയുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ ശൗചാലയത്തിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റി പൈപ്പിലൂടെ ശക്തിയായി വെള്ളം കടത്തിവിട്ടാണ് വളവുകളിൽ കുടുങ്ങിക്കിടന്ന 10,000 രൂപ വീണ്ടെടുത്തത്.

അറസ്റ്റിലായ ശ്രീജിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയിലാണ് നടപടി.

Spread the News

Leave a Comment

IMG 20260806 WA0051