പെരിന്തൽമണ്ണ: കിംസ്ഹെൽത്ത് അൽശിഫയിൽ ഈ വർഷത്തെ സി എസ് ആർ ചാരിറ്റി പ്രവർത്തനങ്ങളുടെ വിതരണോദ്ഘാടനം നടന്നു. 37 വർഷക്കാലമായി ആരോഗ്യപരിചരണത്തോടൊപ്പം സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങാകുന്ന നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളാണ് കിംസ്ഹെൽത്ത് അൽശിഫ നടപ്പിലാക്കി വരുന്നത്. കരുതലിലൂന്നിയ ആതുരസേവനം ‘സ്പർശം’ പദ്ധതി ഇതിനോടകം ഒരുപാട് നിരാലംബരായ മനുഷ്യരുടെ കണ്ണീരൊപ്പുന്നതിന് സാധിച്ചു. കേരളത്തിലെ ഏറ്റവും ചുരുങ്ങിയ ചിലവിലുള്ള ചികിത്സാ പദ്ധതിയായ ‘സഹൃദയ’, സൗജന്യ വൃക്കമാറ്റിവക്കൽ പദ്ധതി ‘പുനർജ്ജനി’, കാൻസർ രോഗികൾക്കുള്ള ‘കൈത്താങ്ങ്’, വൃക്ക രോഗികൾക്കുള്ള ‘ശിഫ’ ഡയാലിസിസ്, ജന്മനാലോ അപകടങ്ങളിലോ കാൽ നഷ്ടപ്പെട്ടവർക്കുള്ള ‘ആശ്രയ’ എന്നീ പദ്ധതികൾ ഇതിനോടകം വിജയകരമായി നടപ്പിലാക്കിവരുന്നു. കൂടാതെ വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം, നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കുന്നതിനുള്ള ധനസഹായം, ഉപജീവനമാർഗത്തിനായി ഓട്ടോറിക്ഷ വിതരണം, പെരിന്തൽമണ്ണയിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചർ വിതരണം, ആദിവാസി ഊരുകളിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ‘ആരോഗ്യ’, തുടങ്ങിയ വിവിധ പദ്ധതികളാണ് ഈ വർഷത്തെ CSR പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്.
പദ്ധതികളുടെ ഉദ്ഘാടനം കിംസ്ഹെൽത്ത് അൽശിഫ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി ഉണ്ണീന്റെ അധ്യക്ഷതയിൽ
സംസ്ഥാന ലാൻഡ് ആൻഡ് റവന്യൂ വകുപ്പ് മന്ത്രി എ. പി അനിൽകുമാർ നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തന മേഖലയിലെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ കിംസ്ഹെൽത്ത് അൽശിഫ സി. ഇ. ഒ പ്രിയൻ കെ. സി സ്വാഗതവും, പെരിന്തൽമണ്ണ നഗരസഭാ ചെയർ പേഴ്സൺ മുഖ്യ പ്രഭാഷണവും നടത്തി, നഗരസഭാ വൈസ് ചെയർമാൻ ഫസൽ മുഹമ്മദ്, വാർഡ് മെമ്പർ ഹുസൈന നാസർ, കെ. പി. സി. സി ജനറൽ സെക്രട്ടറി ബാബുരാജ്, ബി. ജെ. പി സംസ്ഥാന കൗൺസിൽ അംഗം ശിവദാസൻ, ഡയറക്ടർമാരായ ഡോ. അഹമ്മദ് അമീൻ, മുഹമ്മദ് ഫൈസൽ, സാമൂഹിക പ്രവർത്തകൻ മാനുപ്പ കുറ്റീരി, മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് ക്ലിനിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു.