മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിലെ സാധാരണക്കാർക്ക് തൃശൂരിലെ ഹെഡ്ക്വാർട്ടേഴ്സിലോ ഒറ്റപ്പാലം ഉൾപ്പെടെയുള്ള ഓഫീസുകളിലോ പോകാതെ വായ്പ, വിദ്യാഭ്യാസം, സ്വയംതൊഴിൽ ആവശ്യങ്ങൾക്കായി എളുപ്പത്തിൽ സമീപിക്കാവുന്ന തരത്തിലാണ് കെ എസ് ഡി സി യുടെ ഇടക്കുർശ്ശി-കരിമ്പ സബ് ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് എന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെയും വായ്പാ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇടക്കുർശ്ശിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ട് താലൂക്കുകളിലെയും, പ്രത്യേകിച്ച് മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിലെ ജനങ്ങൾക്ക് സബ് ഓഫീസ് വലിയ ആശ്വാസമാകും. സ്വയംതൊഴിൽ വായ്പകൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ചികിത്സാ സഹായങ്ങൾ തുടങ്ങിയവ പ്രാദേശിക തലത്തിൽ കൂടുതൽ ചെറുപ്പക്കാരിലേക്കും സ്ത്രീകൾക്കുമായി വ്യാപിപ്പിക്കാൻ ഓഫീസ് വഴിയൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
സർക്കാറിന്റെ 100 ദിന കർമ്മപരിപാടിയോടനുബന്ധിച്ച് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പുകളും കോർപ്പറേഷനുകളും സമർപ്പിച്ച പദ്ധതികളുടെ 95 ശതമാനത്തോളം ലക്ഷ്യം ഇതിനകം കൈവരിച്ചു. ഒക്ടോബർ 9-ഓടെ 100 ശതമാനം റിസൾട്ട് കൈവരിക്കും. ഒക്ടോബർ 9-ന് മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ ഈ നേട്ടം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കരിമ്പ ഗ്രാമപഞ്ചായത്തിലെ പട്ടിയപ്പൻതരിഴ് എസ്.ടി ഉന്നതി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന “ഇന്ദിരാജ്യോതി” സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും, മണ്ണാർക്കാട്, അട്ടപ്പാടി, കോങ്ങാട്-1, കോങ്ങാട്-2 വില്ലേജുകൾ ഉൾപ്പെടുന്ന മേഖലയിലെ രണ്ടാമത്തെ വായ്പാ കുടിശ്ശിക അദാലത്ത് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
വി.കെ. ശ്രീകണ്ഠൻ എം.പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതുശങ്കർ, അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ, കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, കാരാകുർശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ, കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആന്റണി മതിപ്പുറം എന്നിവർ സംസാരിച്ചു.