കൊച്ചി, 05 ഒക്ടോബർ 2026: ക്യാൻസർ രോഗചികിത്സയിൽ എന്നപോലെ തന്നെ പ്രധാനമാണ് രോഗമുക്തിക്ക് ശേഷമുള്ള തുടർന്നുള്ള പരിചരണവും എന്ന് വിദഗ്ദ്ധ അഭിപ്രായത്തോടെ ‘എക്യൂസികോൺ’ 2026 സമാപിച്ചു. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സംഘടിപ്പിച്ച കോൺക്ലേവിൽ ക്യാൻസറിനു ശേഷമുള്ള അതിജീവനവും പ്രധാന ചർച്ചാവിഷയമായി. രോഗമുക്തി നേടിയവർക്കും ഉറക്കം, പ്രതിരോധശേഷി, മാനസികാരോഗ്യം എന്നിവയിൽ കൃത്യമായ ശ്രദ്ധ ആവശ്യമാണെന്നും, അതിജീവിച്ചവർക്കായി തയാറാക്കിയ പ്രത്യേകവും ഘടനാപരവുമായ പരിചരണ രീതി അത്യന്താപേക്ഷിതമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
മുതിർന്ന പൗരന്മാരിൽ വർദ്ധിച്ചുവരുന്ന ക്യാൻസർ നിരക്കിനെക്കുറിച്ചും കോൺക്ലേവ് ശ്രദ്ധ ക്ഷണിച്ചു. പ്രായമായ രോഗികൾക്ക് മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, അവരെ സുഖപ്പെടുത്താൻ മരുന്നുകളും ശസ്ത്രക്രിയയും റേഡിയേഷനും മാത്രം പോരാ. ജീവിതശൈലീ മെച്ചപ്പെടുത്തൽ, ഫിസിയോതെറാപ്പി, കൗൺസിലിംഗ്, മാനസിക പിന്തുണ എന്നിവയെല്ലാം മികച്ച രോഗമുക്തിക്ക് സഹായിക്കുന്നു. കൂടാതെ, പ്രായമായ പല രോഗികൾക്കും ആവശ്യമായ സാമൂഹിക പിന്തുണ ലഭിക്കുന്നില്ല എന്നതും വലിയൊരു വെല്ലുവിളിയാണ്.
ജെറിയാട്രിഷ്യൻസ്, ഓങ്കോളജിസ്റ്റുകൾ, പ്രാഥമിക ആരോഗ്യ സേവന ദാതാക്കൾ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ മുതിർന്നവരിലെ ക്യാൻസർ ചികിത്സ കൂടുതൽ ഫലപ്രദമാകൂ എന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിച്ചു. പ്രായമായ രോഗികളെ സഹായിക്കാൻ ധരിക്കാവുന്ന ഉപകരണങ്ങൾ പോലുള്ള പുതിയ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നുണ്ട്.
രോഗികൾ സ്വയം നടത്തുന്ന പരിചരണവും ചർച്ചയായി. വിർച്വൽ മാർഗ്ഗങ്ങളിലൂടെ ചികിത്സാ ടീമുമായി ബന്ധപ്പെടാൻ സാധിക്കുന്നതിനാൽ, രോഗികൾക്ക് ഉണ്ടാകുന്ന സംശയങ്ങളും ആശങ്കകളും ഉടനടി പങ്കുവെക്കാനും അത് വഴി തുടക്കത്തിൽ തന്നെ പരിഹാരം കണ്ടെത്താനും സാധിക്കുന്നു.
രോഗനിർണ്ണയം, ചികിത്സ, രോഗമുക്തി വരെയുള്ള ഘട്ടങ്ങളിലെല്ലാം രോഗിക്കും കുടുംബത്തിനും പൂർണ്ണ പിന്തുണ ഉറപ്പാക്കിക്കൊണ്ട് ക്യാൻസർ പരിചരണം കൂടുതൽ സമഗ്രമാകണമെന്ന വിലയിരുത്തലോടെയാണ് കോൺക്ലേവ് അവസാനിച്ചത്.