പാലക്കാട്: ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അടിസ്ഥാന ജനകീയ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്നതിനും എസ്.ഡി.പി.ഐ പാലക്കാട് മുനിസിപ്പാലിറ്റി കമ്മിറ്റി കൂടുതൽ സജീവമായി രംഗത്തിറങ്ങുമെന്ന് ജില്ലാ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ഉമ്മർ മൗലവി പറഞ്ഞു. പാലക്കാട് മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി താരേക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനീതിക്കും അവകാശനിഷേധത്തിനുമെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ നിലപാടെന്ന് ഉമ്മർ മൗലവി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയും പ്രവർത്തന സംവിധാനങ്ങളോടെയും പാർട്ടി മുന്നോട്ടുപോകുകയാണ്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുകയും അവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹാരത്തിനായി ഇടപെടുകയും ചെയ്യുന്ന താഴെത്തട്ടിലെ കമ്മിറ്റികളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് നഗരത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ, വികസനത്തിലെ അപാകതകൾ, വിവിധ ജനവിഭാഗങ്ങൾ നേരിടുന്ന അവകാശനിഷേധങ്ങൾ എന്നിവയിൽ കൃത്യമായ ഇടപെടലുകൾ നടത്താനും ജനകീയ വിഷയങ്ങൾ ശക്തമായി ഉയർത്തിക്കൊണ്ടുവരാനും പുതിയ മുനിസിപ്പാലിറ്റി കമ്മിറ്റി നേതൃത്വം നൽകും. മുനിസിപ്പാലിറ്റിക്ക് കീഴിലെ ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കി പാർട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതിനും തീരുമാനമായി.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ് അബ്ദുൽ സത്താർ, വൈസ് പ്രസിഡന്റ് ഷൗക്കത്തലി, സെക്രട്ടറി അബ്ദുൽ സമദ്, ജോയിന്റ് സെക്രട്ടറി നസീർ, ട്രഷറർ അഹമ്മദ്.
മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ, ഭാരവാഹികളായ ഒ.എച്ച്. ഖലീൽ, ശരീഫ് പള്ളിത്തെരുവ്, ഹബീബ് കൽമണ്ടപം തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധികളും പാർട്ടി പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു