പാലക്കാട്. പച്ചക്കറി ഉൽപ്പാദനത്തിൽ എലവഞ്ചേരി മാതൃക സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. എലവഞ്ചേരിയിൽ 2020–21 കാലയളവിൽ 2500-ൽ അധികം ടൺ ആയിരുന്ന പച്ചക്കറി ഉൽപ്പാദനം 2025–26 ആയപ്പോഴേക്കും 7300-ൽ അധികം ടണ്ണായി ഉയരുകയും വിറ്റുവരവ് 19 കോടിയിലധികം രൂപയായി വർദ്ധിക്കുകയും ചെയ്തത് ഹൈടെക് ഫാർമിംഗും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചുവെന്നതിന്റെ തെളിവാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന പച്ചക്കറികളിൽ ക്രമാതീതമായ തോതിൽ വിഷാംശവും കീടനാശിനികളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ച് വിഷരഹിത പച്ചക്കറികൾ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി എലവഞ്ചേരി മാതൃക സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ഇതിനായുള്ള നടപടികൾ രൂപീകരിക്കുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. എലവഞ്ചേരിയിൽ വി.എഫ്.പി.സി.കെ സംഘടിപ്പിച്ച കാർഷിക സംവാദ പരിപാടിയിൽ കർഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എലവഞ്ചേരിയിലെ പച്ചക്കറി കർഷകർ സ്വകാര്യ ഏജൻസികളിൽ നിന്ന് ഉയർന്ന വിലയ്ക്ക് ഹൈബ്രിഡ് വിത്തുകൾ വാങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ, അവ സർക്കാരോ വി.എഫ്.പി.സി.കെ വഴിയോ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി.
പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ‘കതിർ’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കും. കൃഷിയിൽ പുതിയ തലമുറയുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിനുള്ള കാർഷിക പ്രതിരോധം സ്കൂളുകളിൽ നിന്ന് തന്നെ ആരംഭിക്കാനുമാണ് പദ്ധതി. ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിൽ വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്താൻ ആരംഭിക്കുന്ന പദ്ധതി ഈ വർഷം 500 സ്കൂളുകളിൽ നടപ്പിലാക്കും. ഓരോ സ്കൂളിനും 10,000 രൂപ വീതം ധനസഹായം അനുവദിക്കുകയും നോഡൽ ടീച്ചർമാരുടെ നേതൃത്വത്തിൽ ഈ മാസം തന്നെ പരിശീലനം ആരംഭിക്കുകയും ചെയ്യും. കതിർ കേഡറ്റ്സ്, കതിർ മാർക്കറ്റ്, കതിർ സഞ്ചാരം, കതിർ യൂണിഫോം, കതിർ പ്രോഗ്രസ് കാർഡ് എന്നിവയും പദ്ധതിയുടെ ഭാഗമായി നിലവിൽ വരും. സ്കൂളുകളിൽ ഉൽപ്പാദിപ്പിക്കുന്ന വിളകളെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്നും, സ്കൂളുകളിലും വീടുകളിലും കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്നും കൃഷിമന്ത്രി പറഞ്ഞു.
കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കാനും 2021 മുതലുള്ള കുടിശ്ശിക ഈ മാസം മുതൽ വിതരണം ചെയ്തു തുടങ്ങാനും കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. വന്യമൃഗശല്യം തടയുന്നതിനായി 192 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മൃഗങ്ങൾ വരുത്തുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാര തുക 100% വർദ്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
എലവഞ്ചേരി പനങ്ങാട്ടിരി സ്വാശ്രയ കർഷക സമിതിയിൽ നടന്ന സംവാദത്തിൽ നെന്മാറ എം.എൽ.എ കെ. പ്രേമൻ അധ്യക്ഷനായി.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രേണുക കൃഷ്ണൻ, വി.എഫ്.പി.സി.കെ ജില്ലാ മാനേജർ ബിന്ദുമോൾ മാത്യു, സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് ആർ. ശിവദാസൻ, സി.ഇ.ഒ. രാജി റെജി, ഡയറക്ടർ ഷീജ മാത്യൂ, പി.എ.ഒ. ആറുമുഖ പ്രസാദ്, കർഷക പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.