anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലമ്പുഴയെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കാനുള്ള നീക്കം ഉപേക്ഷിക്കണം മലമ്പുഴയെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കാനുള്ള നീക്കം ഉപേക്ഷിക്കണം — എസ്.ഡി.പി.ഐ

പാലക്കാട്: മലമ്പുഴയുടെ പരിസ്ഥിതിക്കും പാലക്കാടിന്റെ കുടിവെള്ള സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുള്ള സാനിറ്ററി ലാൻഡ്ഫിൽ ഉൾപ്പെടെയുള്ള മാലിന്യ സംസ്കരണ പദ്ധതി മലമ്പുഴയിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ശരീഫ് പട്ടാമ്പി ആവശ്യപ്പെട്ടു.

പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകളും ജനങ്ങളുടെ ആശങ്കകളും കണക്കിലെടുക്കാതെ മലമ്പുഴയെ സംസ്ഥാനത്തിന്റെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ല. 2022 മുതൽ പരിഗണനയിലുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് നീങ്ങുന്നത് ജനങ്ങളുടെ ആശങ്ക കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് പദ്ധതി പ്രായോഗികമല്ലെന്ന നിലപാട് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ പുനഃപരിശോധിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
വേൾഡ് ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റിന്റെ ഭാഗമായി ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഭൂമിക്കടിയിൽ നിക്ഷേപിക്കുന്ന സാനിറ്ററി ലാൻഡ്ഫിൽ പദ്ധതി മലമ്പുഴയിൽ സ്ഥാപിക്കാനുള്ള നീക്കം അതീവ ഗൗരവത്തോടെ പരിശോധിക്കണം. നിലവിലുള്ള IMAGE മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപം, മലമ്പുഴ ഡാമിന്റെ ജലസംഭരണ മേഖലയുമായി ബന്ധപ്പെട്ട പ്രദേശത്ത് ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നതിന് മുമ്പ് സ്വതന്ത്രവും സമഗ്രവുമായ പരിസ്ഥിതി-ജലസുരക്ഷാ പഠനം നടത്തണം.
ലാൻഡ്ഫിൽ സംവിധാനത്തിലെ സുരക്ഷാ സംവിധാനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള തകരാർ സംഭവിക്കുകയോ മലിനജലം പുറത്തേക്ക് ഒഴുകുകയോ ചെയ്താൽ അതിന്റെ പ്രത്യാഘാതം മലമ്പുഴ ഡാമിന്റെ ജലസ്രോതസ്സിനെയും അതിനെ ആശ്രയിക്കുന്ന ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക ഗൗരവമായി പരിഗണിക്കണം. പാലക്കാട് നഗരസഭ ഉൾപ്പെടെ സമീപ പ്രദേശങ്ങളിലെ നിരവധി പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ള ആവശ്യങ്ങൾക്ക് മലമ്പുഴ ഡാമിനെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ ആരോഗ്യവും കുടിവെള്ള സുരക്ഷയും പരീക്ഷണത്തിന് വിധേയമാക്കുന്ന യാതൊരു പദ്ധതിക്കും അനുമതി നൽകരുത്.
ജനങ്ങളെ ഇരുട്ടിൽ നിർത്തി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന് പകരം പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും വിദഗ്ധരുടെ അഭിപ്രായം തേടുകയും പ്രദേശവാസികളുമായി തുറന്ന ചർച്ച നടത്തുകയും വേണം. മലമ്പുഴയുടെ പാരിസ്ഥിതിക പ്രാധാന്യവും ജനങ്ങളുടെ കുടിവെള്ള അവകാശവും സംരക്ഷിക്കുന്നതിനായി സർക്കാർ അടിയന്തരമായി പദ്ധതി പുനഃപരിശോധിക്കണമെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവെക്കണമെന്നും ശരീഫ് പട്ടാമ്പി ആവശ്യപ്പെട്ടു.

ബഷീർ കൊമ്പം
ജില്ല മീഡിയ കോർഡിനേറ്റർ
+91 81579 48123

Spread the News

Leave a Comment

IMG 20260806 WA0051