പാലക്കാട്. സമ്മതിദായകപ്പട്ടികയുടെ 2027-ലെ പ്രത്യേക പുതുക്കലിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക സമഗ്രമായി പരിശോധിച്ച്, അർഹരായ മുഴുവൻ ആളുകളുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ‘സ്പെഷ്യൽ ഡ്രൈവ് ഫോർ ഇലക്ടറൽ എൻറോൾമെന്റ്’ എന്ന പേരിൽ പ്രത്യേക കർമ്മപരിപാടി ആവിഷ്കരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലും ഒക്ടോബർ 13 മുതൽ 31 വരെ പ്രത്യേക ഡിജിറ്റൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. കൂടാതെ, അതാത് ബൂത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരുടെയും പേരുകൾ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരിട്ട് ഉറപ്പുവരുത്തുന്നതിനായി എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരും വോട്ടർമാരുടെ വീടുകൾ സന്ദർശിക്കും.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് മുൻപ് ഉണ്ടായിരുന്ന അധിക ഡിക്ലറേഷൻ ഫോറം പൂർണമായും ഒഴിവാക്കിയതിനാൽ, അപേക്ഷകർ നിയമപ്രകാരമുള്ള ഫോറം 6 മാത്രം ഓൺലൈനായി സിറ്റിസൺ സർവീസ് പോർട്ടൽ/ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് വഴിയോ സമർപ്പിച്ചാൽ മതിയാകും. അപേക്ഷയോടൊപ്പം സ്വന്തം ഫോട്ടോയും, പ്രായം, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനായി അംഗീകരിച്ചിട്ടുള്ള 12 രേഖകളിൽ ഏതെങ്കിലും ഒന്നും ഡിജിറ്റലായി സമർപ്പിക്കണം. മേൽവിലാസം തെളിയിക്കുന്നതിന് അനുബന്ധ രേഖയായി ആധാർ സമർപ്പിക്കുന്നവർ മറ്റൊരു രേഖ കൂടി സമർപ്പിക്കണം. ഓൺലൈനായി ലഭിക്കുന്ന ഈ അപേക്ഷകളിന്മേൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ നേരിട്ടെത്തി പരിശോധനകൾ പൂർത്തിയാക്കും. ഈ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി, 2025 ജനുവരി 1-ന് നിലവിൽ വന്ന വോട്ടർപട്ടികയും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രാബല്യത്തിൽ വന്ന വോട്ടർപട്ടികയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ വിശദമായി പരിശോധിക്കാൻ ഇ.ആർ.ഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിൽ വിതരണം ചെയ്തതും തിരികെ ലഭിക്കാത്തതുമായ എന്യൂമറേഷൻ ഫോമുകളിൽ എത്രയെണ്ണം തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെടാതെ പോയിട്ടുണ്ട് എന്നതിനെക്കുറിച്ചും ഇ.ആർ.ഒ തലത്തിൽ പരിശോധന നടത്തും.
യുവവോട്ടർമാർക്കിടയിൽ ജനാധിപത്യ പ്രക്രിയയെക്കുറിച്ചും വോട്ടവകാശത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയിലെ കോളജ്, ഹയർ സെക്കൻഡറി സ്കൂൾ തലങ്ങളിൽ ‘കാമ്പസ് ടു ബൂത്ത്’ (Campus to Booth) എന്ന പേരിൽ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ‘സ്റ്റെപ്പ് ഫോർവേഡ്, ഗെറ്റ് കൗണ്ടഡ്’ (Step Forward, Get Counted) എന്ന സന്ദേശത്തോടെ നവംബർ 2 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക പേര് ചേർക്കൽ യജ്ഞമാണ് കാമ്പസുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും ഇതിലൂടെ ലക്ഷ്യമിടുന്നത്. പരമാവധി വിദ്യാർഥികളെ തിരഞ്ഞെടുപ്പ് അവബോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കാൻ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ വഴി വിപുലമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും ആർട്സ് & സയൻസ് കോളജുകളിലും പോളിടെക്നിക് കോളജുകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ രൂപീകരിക്കുകയും വിദ്യാർഥികൾക്ക് സമ്പൂർണ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് സമഗ്രമായ അവബോധം നൽകുകയും ചെയ്യും.