റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കരുത്തരായ മുംബൈയെ തോൽപിച്ച് കേരളം. ഏഴ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 19 ഓവറിൽ 87 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 21 പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി.
മുംബൈ 19 ഓവറിൽ 87ന് ഓൾ ഔട്ട്, കേരളം 16.3 ഓവറിൽ 91/3
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് സ്കോറിങ് തുടങ്ങും മുൻപ് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ഇറാ ജാധവും ധ്രുവി ത്രിവേദിയും ചേർന്ന് നേടിയ 41 റൺസാണ് മുംബൈ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ഇറാ ജാധവ് 21 ഉം ധ്രുവി ത്രിവേദി 24 ഉം റൺസ് നേടി മടങ്ങിയതോടെ മുംബൈയുടെ ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമായി. തുടർന്നെത്തിയവരിൽ ഒരാൾ മാത്രമാണ് രണ്ടക്കം കടന്നത്. 87 റൺസിന് മുംബൈ ഇന്നിങ്സ് അവസാനിച്ചു. കേരളത്തിന് വേണ്ടി ആര്യനന്ദയും ഇഷിതയും മൂന്ന് വിക്കറ്റ് വീതവും അനുഷ്ക രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ ശ്രേയ സിജുവും അമീറ ബിഗവും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ഇവരുവരും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. ശ്രേയ 33 ഉം അമീറ 28 ഉം റൺസെടുത്ത് പുറത്തായി. തുടർന്ന് ആര്യനന്ദയും (9) വി.ജെ. ശീതളും (6) ചേർന്ന് കേരളത്തെ അനായാസം വിജയത്തിലെത്തിച്ചു. മുംബൈയ്ക്ക് വേണ്ടി സ്വര ജാധവ് രണ്ട് വിക്കറ്റ് വീഴ്ത്തി.