anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സൈബർഡോം ശക്തിപ്പെടുത്തും; ട്രാഫിക് നിയന്ത്രണത്തിനും ദുരന്തനിവാരണത്തിനും റോബോട്ടുകൾ: രമേശ് ചെന്നിത്തല*

സൈബർ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി കേരള പോലീസിന്റെ സൈബർഡോം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ട്രാഫിക് നിയന്ത്രണത്തിനും പ്രകൃതിദുരന്ത നിവാരണത്തിനുമായി തദ്ദേശീയമായി വികസിപ്പിച്ച റോബോട്ടുകൾ ഉപയോഗിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 19-ാമത് കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം സൈബർ ആക്രമണങ്ങളും പുതിയ സുരക്ഷാ ഭീഷണികളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അവയെ നേരിടാൻ സർക്കാർ, പോലീസ്, ഗവേഷകർ, സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തിഗത വിവരങ്ങളുടെ മോഷണം, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയ സൈബർ ഭീഷണികൾ വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരുപോലെ ബാധിക്കുന്നുണ്ട്. വൈദ്യുതി നിലയങ്ങൾ, ആശുപത്രികൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ നിർണായക അടിസ്ഥാനസൗകര്യങ്ങളുടെയും സൈനിക വിവരങ്ങളുടെയും സർക്കാർ രേഖകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നിർമിതബുദ്ധിയുടെ (എഐ) ഉപയോഗം യുദ്ധം, രാഷ്ട്രീയം, ഭരണനിർവഹണം തുടങ്ങി വിവിധ മേഖലകളിൽ വർധിക്കുന്നതിനൊപ്പം പുതിയ സൈബർ വെല്ലുവിളികളും ഉയരുന്നുണ്ട്. ഡാറ്റാ സംരക്ഷണം, വ്യക്തിവിവരങ്ങളുടെ സ്വകാര്യത എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്നും സൈബർ സുരക്ഷാ സംവിധാനങ്ങൾ നിയമാനുസൃതവും ഉത്തരവാദിത്തപരവുമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രാഫിക് നിയന്ത്രണം, ദുരന്തനിവാരണം, രക്ഷാപ്രവർത്തനം, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാവുന്ന നൂതന റോബോട്ടിക് സംവിധാനങ്ങൾ ഐഹബ് റോബോട്ടിക്സിന്റെ സഹായത്തോടെ കേരള പോലീസ് വിന്യസിപ്പിച്ചെടുത്തു. ട്രാഫിക് നിയന്ത്രണത്തിനായി രൂപകൽപ്പന ചെയ്ത ദക്ഷ, ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും അവശ്യവസ്തുക്കൾ എത്തിക്കുന്നതിനും സഹായിക്കുന്ന കവച്, വിവിധ ഭാഷകളിൽ വിവരങ്ങൾ നൽകാനും സന്ദർശകർക്ക് വഴികാട്ടാനും കഴിയുന്ന താര എന്നിവയാണ് പ്രധാന സംവിധാനങ്ങൾ. വെയിലും മഴയും വകവയ്ക്കാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടിവരുന്ന പോലീസുകാരുടെ ജോലിഭാരം കുറയ്ക്കാൻ ട്രാഫിക് നിയന്ത്രണ റോബോട്ടുകൾ സഹായിക്കും. പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സൈബർ സുരക്ഷാ മേഖലയിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ സജ്ജരാക്കുന്നതിനും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും സർക്കാർ നടപടി സ്വീകരിക്കും. സൈബർ സുരക്ഷാ രംഗത്തെ ആഗോള വെല്ലുവിളികൾ നേരിടാൻ രാജ്യാന്തര സഹകരണവും പൊതുജന-സ്വകാര്യ പങ്കാളിത്തവും ശക്തിപ്പെടുത്തേണ്ടതുണ്ട്. സൈബർ സുരക്ഷാ അറിവും നൂതന ആശയങ്ങളും പങ്കുവെക്കുന്നതിനുള്ള പ്രധാന വേദിയായി കൊക്കൂൺ സമ്മേളനം വളർന്നിട്ടുണ്ടെന്നും ഈ വർഷത്തെ സമ്മേളനം പോലീസിനും സർക്കാരിനും വ്യവസായ മേഖലയ്ക്കും രാജ്യാന്തര സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ടി. വി രവിചന്ദ്രൻ, ചല്ല ശ്രീനിവാസുലു ഷെട്ടി, ഡിജിപി മാരായ രവാദ ചന്ദ്രശേഖർ, മനോജ്‌ എബ്രഹാം എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051