ചെർപ്പുളശ്ശേരി: അനന്തമായ കാലത്തെ അതിജീവിച്ചെത്തുന്ന ഭാരതീയ സംഗീതപാരമ്പര്യത്തിന്റെ മാധുര്യം പുതുതലമുറയിലേക്ക് പകർന്നുനൽകുന്ന ചെർപ്പുളശ്ശേരി ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ഈ വർഷവും വിപുലമായ പരിപാടികളോടെ നടക്കുന്നു. 2026 ഒക്ടോബർ 11 മുതൽ ഒക്ടോബർ 21 വരെ പതിനൊന്ന് ദിവസങ്ങളിലായാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.
പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ചെർപ്പുളശ്ശേരിയുടെ സാംസ്കാരിക ജീവിതത്തിൽ ഏറെ ശ്രദ്ധേയമായ ഇടം നേടിയിട്ടുണ്ട്. പാടിത്തുടങ്ങുന്നവരും പ്രഗത്ഭ സംഗീതജ്ഞരും സംഗീതാസ്വാദകരും ഒരേ വേദിയിൽ സംഗമിക്കുന്ന ഈ സംഗീതോത്സവത്തിന്റെ സവിശേഷത കേരളത്തിലെ പ്രമുഖ സംഗീതോത്സവങ്ങളിൽ ഒന്നാണ് ശ്രീ പുത്തനാല്ക്കൽ സംഗീതോത്സവം.
ഒക്ടോബർ 11 മുതൽ 21 വരെ വൈകുന്നേരങ്ങളിൽ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലാണ് സംഗീതപരിപാടികൾ അരങ്ങേറുക. നാദനിർവൃതിയും സംഗീതസംസ്കാരവും ഒരുമിക്കുന്ന വേദിയായി നവരാത്രി മണ്ഡപം മാറും.
ഒക്ടോബർ 11ന് സംഗീതോത്സവത്തിന് തുടക്കം
ഉദ്ഘാടനദിനമായ ഒക്ടോബർ 11 ഞായറാഴ്ച വൈകുന്നേരം 4.30ന് സംഗീതോത്സവത്തിന്റെ പ്രാരംഭ പരിപാടികൾ നടക്കും.
കുമാരി ഭവപ്രിയ സുബ്രഹ്മണ്യത്തിന്റെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കെ.ബി. രാജേന്ദ്രൻ സ്വാഗതം പറയും. പി. മമ്മി കുട്ടി എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി. സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.
.. കെ ടി ജംസിയ, ചെർപ്പുളശ്ശേരി നഗരസഭാധ്യക്ഷ, വിശിഷ്ട സാന്നിധ്യമായിരിക്കും.
മണ്ണൂർ രാജകുമാരനുണ്ണി , പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഐ ആർ പ്രസാദ് തുടങ്ങിയവരുടെ വിശിഷ്ട സാന്നിധ്യം ഉണ്ടാകും. കെ. മനോജ്കുമാർ നന്ദി രേഖപ്പെടുത്തും.
ആദ്യദിനത്തിൽ പ്രമുഖരുടെ കച്ചേരി
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം വൈകുന്നേരം 6.45ന് പ്രധാന കച്ചേരി ആരംഭിക്കും.
പതിനൊന്ന് ദിവസങ്ങളിലായി വിവിധ തലമുറകളിലെ സംഗീതപ്രതിഭകൾക്ക് വേദിയൊരുക്കുന്ന ഉത്സവം, കർണാടക സംഗീതത്തിന്റെ പാരമ്പര്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും വളർന്നുവരുന്ന കലാകാരന്മാർക്ക് അവസരം നൽകുകയും ചെയ്യുന്ന സാംസ്കാരിക സംഗമം കൂടിയാണ്.
നവരാത്രിക്കാലത്ത് സംഗീതവും ഭക്തിയും ഒരേ ശ്രുതിയിൽ ലയിക്കുന്ന പുത്തനാൽക്കൽ നവരാത്രി മണ്ഡപം ഇത്തവണയും ചെർപ്പുളശ്ശേരിയുടെ സാംസ്കാരിക സായാഹ്നങ്ങളുടെ പ്രധാന കേന്ദ്രമാകും. ഒക്ടോബർ 11 മുതൽ 21 വരെ നീളുന്ന സംഗീതോത്സവത്തിലേക്ക് സംഗീതാസ്വാദകരെയും ഭക്തജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.