മലപ്പുറം: യു.പി.ഐ. ഇടപാടുകൾക്ക് ഒക്ടോബർ 15 മുതൽ വ്യാപാരികളിൽനിന്ന് എം.ഡി.ആർ ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 13-ന് വൈകിട്ട് സംസ്ഥാനത്തെ സമിതിയുടെ 4,000 യൂണിറ്റുകളിലും പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യു.പി.ഐ. സംവിധാനത്തിന് ഫീസ് ഏർപ്പെടുത്തുന്നത് രാജ്യത്തെ വ്യാപാരമേഖലയ്ക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ചെറുകിട-ഇടത്തരം വ്യാപാരികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിൽനിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണമെന്നും നിലവിലുള്ള സൗജന്യ യു.പി.ഐ. ഇടപാട് സംവിധാനം തുടരണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു.
ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായതോടെ ചെറുകിട കച്ചവടക്കാർ യു.പി.ഐ. സംവിധാനത്തെ ആശ്രയിച്ചാണ് ദൈനംദിന വ്യാപാരം നടത്തുന്നത്. ഇത്തരം ഇടപാടുകൾക്ക് എം.ഡി.ആർ. ഏർപ്പെടുത്തുന്നത് വ്യാപാരികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കുകയും ലാഭം ഇല്ലാതാക്കുകയും ചെയ്യും. ഓൺലൈൻ വ്യാപാരത്തിന്റെ വ്യാപനത്തിൽ പിടിച്ചുനിക്കാൻ പാടുപെടുന്ന ചെറുകിടക്കാരുടെ തലയിൽ ഇത് കൂടി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല.
കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ 15-ന് ലോക്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി പതിനായിരക്കണക്കിന് വ്യാപാരികൾ മാർച്ചിൽ പങ്കെടുക്കുമെന്ന് രാജു അപ്സര അറിയിച്ചു.