പാലക്കാട്: പിരായിരി ഗ്രാമപഞ്ചായത്തിലെ മാമ്പ്രിയിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം മൂലം 25-ഓളം വീടുകൾ അപകടഭീഷണി നേരിടുന്നതായുള്ള പരാതി ഗൗരവമായി കണ്ട് അധികൃതർ അടിയന്തര അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു.
ക്വാറിയുടെ പ്രവർത്തനത്തെത്തുടർന്ന് സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും പ്രദേശവാസികൾ സുരക്ഷാഭീതിയിലാകുകയും ചെയ്തതായാണ് പരാതി. കൂടാതെ, നിയമവിരുദ്ധമായി കരിങ്കല്ല് കടത്തിക്കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെയും നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ജില്ലാ ഭരണകൂടവും ഖനന-ഭൂവിഭവ വകുപ്പും പോലീസും തദ്ദേശഭരണ അധികൃതരും വിഷയത്തിൽ അടിയന്തരമായി ഇടപെടണം. ക്വാറിയുടെ പ്രവർത്തനത്തിനുള്ള അനുമതികൾ, പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, കല്ല് കടത്തുന്ന വാഹനങ്ങളുടെ നിയമസാധുത എന്നിവ പരിശോധിക്കണം. വീടുകൾക്കുണ്ടായ കേടുപാടുകളും പ്രദേശത്തെ അപകടസാധ്യതയും വിദഗ്ധ പരിശോധനയിലൂടെ വിലയിരുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.
പരാതിയിൽ അടിയന്തര അന്വേഷണം നടത്തി നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തരുതെന്നും അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു
എ.കാജാ ഹുസൈൻ മണ്ഡലം മീഡിയ കോഡിനേറ്റർ
+91 88489 16480