anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലിറ്റിൽ കൈറ്റ്‌സ് ജൂനിയർ’ ഐ.ടി. ക്ലബ്ബുകൾ അപ്പർ പ്രൈമറി വിദ്യാലയങ്ങളിലും

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന ‘ലിറ്റിൽ കൈറ്റ്‌സ്’ ഐ.ടി. ക്ലബ്ബുകളുടെ പ്രവർത്തനം അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. സംസ്ഥാന സിലബസ് പിന്തുടരുന്ന 1506 സർക്കാർ, എയ്ഡഡ് യു.പി. സ്‌കൂളുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ ‘ലിറ്റിൽ കൈറ്റ്‌സ് ജൂനിയർ’ ഐ.ടി. ക്ലബ്ബുകൾ അനുവദിച്ചു. പ്രൈമറി തലം മുതൽ തന്നെ കുട്ടികളിൽ ഡിജിറ്റൽ സാക്ഷരത, സാങ്കേതിക അഭിരുചി, സർഗാത്മകത, യുക്തിചിന്ത എന്നിവ വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നൂറ് ദിന കർമ്മപദ്ധതിയിലെ (ഡിജിറ്റൽ സ്‌ക്വയർ, താരാപഥം, സ്‌കൂൾ വിക്കിത്തോൺ) പങ്കാളിത്തം, ‘സമ്പൂർണപ്ലസ്’/ ‘സമേതം’ പോർട്ടലുകളിലെ വിവരങ്ങളുടെ കൃത്യത, ഐ.സി.ടി. അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് സ്‌കൂളുകളെ പൈലറ്റ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്.

ക്ലബ്ബിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കൈറ്റ് പ്രത്യേക അഭിരുചി പരീക്ഷ ഒക്ടോബർ 27ന് നടത്തും. അഭിരുചി പരീക്ഷയിൽ മികച്ച സ്‌കോർ നേടുന്ന 10 മുതൽ 25 വരെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിക്കും. സ്‌കൂൾ സമയത്തിന് പുറമെ മാസത്തിൽ കുറഞ്ഞത് 2 മണിക്കൂർ അംഗങ്ങൾക്ക് പരിശീലനം നൽകും. അനിമേഷൻ, ഇലക്ട്രേണിക്‌സ്, ഡിജിറ്റൽ മ്യൂസിക് കമ്പോസിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സൈബർ സുരക്ഷ, പ്രോഗ്രാമിംഗ് എന്നീ മേഖലകളാണ് പരിശീലന മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ ചുമതല വഹിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയങ്ങളുടെ പട്ടിക www.kite.kerala.gov.in ൽ ലഭ്യമാണ്.

Spread the News

Leave a Comment

IMG 20260806 WA0051