16 വയസ്സിൽ താഴെയുള്ളവർക്കായുള്ള കെസിഎ ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂൾ വിജയത്തിനരികെ. മറ്റൊരു മത്സരത്തിൽ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ബി.കെ. 55 കേരള ഫോളോ ഓൺ വഴങ്ങി. ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബും കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്.
എസ്.ജി. ക്രിക്കറ്റ് സ്കൂളിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 297നെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യ ഇന്നിങ്സ് 100 റൺസിൽ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആർണവ് രാജ് കൃഷ്ണയുടെയും എസ്. വൈഷ്ണവിന്റെയും ബൗളിങ്ങാണ് തൃപ്പൂണിത്തുറയുടെ ബാറ്റിങ് നിരയെ തകർത്തത്. തുടർന്ന് ഫോളോ ഓൺ ചെയ്ത തൃപ്പൂണിത്തുറ രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ടു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒൻപത് വിക്കറ്റിന് 173 റൺസെന്ന നിലയിലാണ് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ തൃപ്പൂണിത്തുറയ്ക്ക് 24 റൺസ് കൂടി വേണം. രണ്ടാം ഇന്നിങ്സിൽ എസ്.ജി. ക്രിക്കറ്റ് സ്കൂളിന് വേണ്ടി കെവിൻ ടോമും ആർജിതും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറ്റൊരു മത്സരത്തിൽ ആത്രേയ ക്രിക്കറ്റ് സ്കൂളിനെതിരെ ബി.കെ. 55 കേരളയും ഫോളോ ഓൺ വഴങ്ങി. ആത്രേയയുടെ സ്കോറായ 332നെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ബി.കെ. 55 ആദ്യ ഇന്നിങ്സിൽ 128 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ നിരഞ്ജൻ അരുൺകുമാർ, ശ്രീഹരി പ്രസാദ്, എം.ആർ. ദേവാംഗദ് എന്നിവരാണ് ആത്രേയയുടെ ബൗളിങ് നിരയിൽ തിളങ്ങിയത്. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ബി.കെ. 55 രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 137 റൺസെന്ന നിലയിലാണ്.
ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ 210 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബ് വിക്കറ്റ് പോകാതെ 23 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ ലിറ്റിൽ മാസ്റ്റേഴ്സ് 110ഉം വിന്റേജ് 119ഉം റൺസെടുത്തിരുന്നു. തുടർന്ന് പുറത്താകാതെ 58 റൺസെടുത്ത നകുൽ ആർ. നായരുടെ മികവിൽ ലിറ്റിൽ മാസ്റ്റേഴ്സ് രണ്ടാം ഇന്നിങ്സിൽ 218 റൺസെടുത്തു. ദേവർഷ് 47ഉം അഭിറാം 42ഉം റൺസെടുത്തു. വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി അഫ്രാസ് നാലും അർമാനും, ശ്രാവണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.