പാലക്കാട്: വിദ്യാർഥികളുടെയും യുവജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനും യങ് ഡെമോക്രാറ്റ്സ് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ജില്ലാ കൺവീനർ ഇബ്രാഹിം ആറങ്ങോട്ടുകര. പാലക്കാട് അസംബ്ലി മണ്ഡലത്തിൽ യുവജന പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ വ്യാപിപ്പിക്കുന്നതിനുമായി ആദ്യഘട്ടത്തിൽ ഡി.ബി.സികൾ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് അസംബ്ലി കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠിക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പഠനസൗകര്യങ്ങളും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം മതിയായ അധ്യാപക സംവിധാനം, മികച്ച പഠനാന്തരീക്ഷം, ആവശ്യമായ ചികിത്സാ പരിശീലന സൗകര്യങ്ങൾ, ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണം. വിദ്യാർഥികളുടെ പഠനത്തെയും ഭാവിയെയും ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സർക്കാർ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ യുവജനങ്ങൾ നേരിടുന്ന തൊഴിലില്ലായ്മയും തൊഴിൽ ലഭ്യതക്കുറവും ഗൗരവത്തോടെ കാണണം. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കുന്നതിനും തൊഴിൽ പരിശീലന പദ്ധതികൾ വ്യാപിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. വിദ്യാർഥികൾ നേരിടുന്ന യാത്രാപ്രശ്നങ്ങൾ, ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക പ്രതിസന്ധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, യുവാക്കൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങളിലും സംഘടന സജീവമായി ഇടപെടും.
യുവജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികളിൽ സമ്മർദം ചെലുത്തുകയും അർഹമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി നിയമപരവും ജനാധിപത്യപരവുമായ ഇടപെടലുകൾ നടത്തുകയും വേണം. യുവാക്കളുടെ പങ്കാളിത്തം വർധിപ്പിച്ച് പ്രാദേശിക പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന ജനകീയ പ്രസ്ഥാനമായി യങ് ഡെമോക്രാറ്റ്സിനെ വളർത്തിയെടുക്കണമെന്നും ഇബ്രാഹിം ആറങ്ങോട്ടുകര ആഹ്വാനം ചെയ്തു.
ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം നാലിന് ചടനാംകുർശ്ശി പാർട്ടി ഓഫീസിൽ അസംബ്ലി തല ചടനാംകുർശ്ശി ഡി.ബി.സി രൂപീകരണത്തിന്റെ ഉദ്ഘാടനം നടക്കും.
യോഗത്തിൽ പ്രസിഡന്റ് റാഷിക്ക് ചടനം കുറിശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആബിദ് പേഴുംകര സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അലി, എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം കമ്മിറ്റി അംഗവും യങ് ഡെമോക്രാറ്റ്സ് മണ്ഡലം ഇൻചാർജുമായ എ കാജാ ഹുസൈൻ, ജില്ലാ ജോയിന്റ് കൺവീനർ നസീഹ് എന്നിവർ പങ്കെടുത്തു. യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുക, പ്രാദേശിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുക, ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുക, സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയ്ക്ക് മുൻഗണന നൽകി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു.
ബാസിത് അലി
മണ്ഡലം മീഡിയ കോഡിനേറ്റർ
+91 80750 51698