anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ജിടെക് മാരത്തൺ 2027; അഞ്ചാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചും രജിസ്ട്രേഷൻ ഉദ്ഘാടനവും

തിരുവനന്തപുരം, 2026 ഒക്ടോബർ 15: കേരളത്തിലെ പ്രമുഖ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് (Group of Technology Companies – GTech) സംഘടിപ്പിക്കുന്ന ജിടെക് മാരത്തൺ അഞ്ചാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചും രജിസ്ട്രേഷൻ ഉദ്ഘാടനവും തിരുവനന്തപുരം ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്നു.

ജിടെക് മാരത്തണിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. അപു ജോൺ ജോസഫ് എം.എൽ.എ പ്രകാശനം ചെയ്തു. അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ. ജെ. ജനീഷ്, കൃഷി വകുപ്പ് മന്ത്രി ശ്രീ. ടി. സിദ്ദിഖ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ ഔദ്യോഗിക പ്രൊമോഷണൽ വീഡിയോ പ്രകാശനവും, വിവിധ റണ്ണിംഗ് ക്ലബ്ബുകളെ ആദരിക്കലും നടന്നു. ജിടെക് ഭാരവാഹികൾ , ടെക്‌നോപാർക്ക്, ഐ.ടി കമ്പനികളുടെ പ്രതിനിധികൾ, കായിക പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

“ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ അടിത്തറ കായികക്ഷമതയാണ്. യുവാക്കളെ സജീവവും അച്ചടക്കമുള്ളതുമായ ജീവിതശൈലിയിലേക്ക് നയിക്കുന്നതിൽ ജിടെക് മാരത്തൺ പോലുള്ള പരിപാടികൾ വലിയ പങ്കുവഹിക്കുന്നു,” എന്ന് കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ. ജെ. ജനീഷ് പറഞ്ഞു. “ലഹരിമുക്ത കേരളമെന്ന സർക്കാരിന്റെ ലക്ഷ്യത്തിന് കരുത്തുപകരുന്ന ഈ ഉദ്യമം അഭിനന്ദനാർഹമാണ്. വിദ്യാർത്ഥികളും ഐ.ടി ജീവനക്കാരും പൊതുജനങ്ങളും ഉൾപ്പെടെ എല്ലാവരും ഈ ഫിറ്റ്‌നസ് മുന്നേറ്റത്തിന്റെ ഭാഗമാകണമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന് (#drugfreekerala) ഐക്യദാർഢ്യം പ്രഖ്യാപിച്ച് “സെ നൊ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ്” എന്ന സന്ദേശവുമായാണ് അഞ്ചാം പതിപ്പ് സംഘടിപ്പിക്കുന്നത്. 2027 ജനുവരി 31 ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന മാരത്തണിൽ 21.1 കിലോമീറ്റർ (ഹാഫ് മാരത്തൺ), 10 കിലോമീറ്റർ, 5 കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പതിനായിരത്തിലധികം ഓട്ടക്കാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികളിലേക്ക് ലഹരിവിരുദ്ധ സന്ദേശം നേരിട്ടെത്തിക്കാൻ ഈ വർഷം കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുമായി ജിടെക് കൈകോർക്കുന്നുണ്ട്. സ്കൂൾ-കോളേജ് തലങ്ങളിൽ കായിക പരിശീലനവും, ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക്‌ www.gtechmarathon.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. നവംബർ 1 വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് 36% വരെ ഇളവ് ലഭിക്കുന്ന ‘സൂപ്പർ ഏർളി ബേർഡ്’ ഓഫറും ലഭ്യമാണ്. വ്യക്തികൾക്കു പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കമ്പനികൾ, ക്ലബ്ബുകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവർക്ക്‌ വെബ്‌സൈറ്റിലെ ഗ്രൂപ്പ് രജിസ്ട്രേഷൻ സൗകര്യവും പ്രയോജനപ്പെടുത്താം.

ഫോട്ടോ ക്യാപ്ഷൻ: ജിടെക് മാരത്തൺ അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ. ജെ. ജനീഷ്, കൃഷി വകുപ്പ് മന്ത്രി ശ്രീ. ടി. സിദ്ദിഖ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

Spread the News

Leave a Comment

IMG 20260806 WA0051