anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കൽപ്പാത്തി രഥോത്സവം: സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാൻ നിർദ്ദേശം

  പാലക്കാട്.    കൽപ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം. രഥോത്സവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ കെ. സുധീറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയത്.

അപകടസാധ്യതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് പാചകവാതക സിലിണ്ടറുകളുടെ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി. രഥങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ് ഫിറ്റ്നസ് പരിശോധിക്കും. മുതിർന്ന പൗരന്മാർക്കായി പ്രത്യേക പാത ഒരുക്കുന്ന കാര്യം പരിഗണനയിലാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പോലീസിന്റെ നേതൃത്വത്തിൽ എമർജൻസി ഇവാക്വേഷൻ പ്ലാനും പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കും. ഗതാഗത നിയന്ത്രണം, പാർക്കിംഗ് സൗകര്യങ്ങൾ, ക്രമസമാധാനപാലനം എന്നിവയുടെ പൂർണ ചുമതല പോലീസിനായിരിക്കും.

ഉത്സവമേഖലയിലെ കച്ചവടക്കാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഗുണനിലവാരമുള്ള ഭക്ഷണവും ശുചിത്വവും ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെയും നഗരസഭയെയും ചുമതലപ്പെടുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിനും നഗരസഭയ്ക്കും നിർദ്ദേശം നൽകി. തടസമില്ലാതെ വൈദ്യുതിയും കുടിവെള്ളവും ഉറപ്പാക്കാൻ നിർദ്ദേശിച്ചു.
രഥോത്സവത്തിന്റെ പ്രധാന ദിവസങ്ങളായ നവംബർ 14, 15, 16 തീയതികളിൽ പ്രത്യേക ആരോഗ്യസംഘത്തിന്റെ സേവനവും ലഭ്യമാക്കും. പൂർണമായി ഹരിതചട്ടപാലനം ഉറപ്പാക്കും. ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും തീരുമാനമായി.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം. അബ്ദുൾ ലത്തീഫ്, ആർ.ഡി.ഒ. കെ. ദേവകി, ഉദ്യോഗസ്ഥർ, സംഘാടക സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051