കൊല്ലങ്കോട്: സഹകരണ സൊസൈറ്റിയിലേക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 44 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സഹകരണ സൊസൈറ്റി പ്രസിഡന്റ് അറസ്റ്റിൽ. കൊല്ലങ്കോട് പയ്യലൂർമൊക്കിന് സമീപമുള്ള നെന്മാറ മർച്ചന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചിറ്റൂർ താലൂക്ക് ക്ഷീരകർഷക തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റ് നെന്മാറ മാട്ടുപ്പാറയിൽ എം.കെ. ഗിരീഷ്കുമാറിനെയാണ് (47) കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരനിക്ഷേപം സ്വീകരിക്കുകയും കാലാവധി കഴിഞ്ഞിട്ടും മുതലും പലിശയും നിക്ഷേപകർക്ക് നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്നാണ് പരാതി.
കെ.എസ്.ഇ.ബി. റിട്ട. ജീവനക്കാരനായ കരിപോട് സ്വദേശി പൊന്നുക്കുട്ടനാണ് പരാതിക്കാരൻ. 2024-ലാണ് പൊന്നുക്കുട്ടൻ തുക നിക്ഷേപിച്ചത്. കോ-ഓപ്പറേറ്റീവ് സ്ഥാപനത്തിലെ ജീവനക്കാരിൽ ഒരാളുകൂടി പിടിയിലാകാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. പത്തില ധികം പരാതികൂടി പോലീസിന് ലഭിച്ചിട്ടുണ്ട്. 2025 നവംബർ ഒന്നിനും
ഇയാൾക്കെതിരേ നിക്ഷേപം തിരിച്ചുനൽകാത്തതിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. പകുതിവിലക്ക് സ്കൂട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും വാഗ്ദാനംചെയ്ത് തട്ടിപ്പു നടത്തിയെന്ന കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. കൊല്ലങ്കോട് ഇൻസ്പെക്ടർ എസ്. അനീഷ്, എസ്.ഐ. സി. അരുൺ, എ.എസ്.ഐ. വി. ശശികുമാർ എന്നിവരാണു ഇയാളെ അറസ്റ്റ് ചെയ്തത്.