anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കണാതായ അധ്യാപിക അനുമോള്‍ പാലക്കാട് പിടിയില്‍; ആണ്‍സുഹൃത്തിനൊപ്പം കഴിഞ്ഞിരുന്നത് വാടകവീട്ടില്‍

പാലക്കാട്. കഴിഞ്ഞ അഞ്ചാം തീയതി മുതൽ കാണാതായ മൊയിലോത്തറ സര്‍ക്കാര്‍ എല്‍.പി. സ്കൂൾ അധ്യാപിക അനുമോളെയും  ആണ്‍സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുള്‍ സമദിനെയും പാലക്കാട് പുതുശേരിയിലെ വാടകവീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തി. തൊട്ടില്‍പാലം പോലീസാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.

അന്വേഷണം വഴിതിരിഞ്ഞത് ഫോണ്‍ കേന്ദ്രീകരിച്ച്
അധ്യാപികയെ കാണാതായ സംഭവത്തില്‍ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. അബ്ദുള്‍ സമദിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണമാണ് നിര്‍ണായകമായത്.
യുവാവിന്‍റെ ഉപയോഗത്തിലുണ്ടായിരുന്ന ഏഴാമത്തെ സിംകാര്‍ഡ് ട്രേസ് ചെയ്താണ് ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഈ നിർണായക കണ്ടെത്തല്‍. കസ്റ്റഡിയിലെടുത്ത പ്രതികളെ കോഴിക്കോടേക്ക് എത്തിച്ച് കൗൺസിലിംഗിന് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ്
പിടിയിലായ അബ്ദുള്‍ സമദ് നിരവധി കേസുകളില്‍ പ്രതിയാണെന്നും ഡ്രഗ്സ് കേസില്‍ നേരത്തെ പിടിയിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

പത്തു വര്‍ഷം മുന്‍പ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ വ്യക്തി
തൊട്ടില്‍പ്പാലം കൂടലില്‍ കണ്ണന്റെയും ഏലമ്മയുടെയും ഏക മകളായ അനുമോൾക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. പത്തു വര്‍ഷം മുന്‍പ് ഗര്‍ഭിണിയായിരിക്കെ ഗുരുതരമായ കരള്‍ രോഗം ബാധിച്ച അനുമോള്‍ക്ക്, ഭര്‍ത്താവ് സുഭാഷ് തന്റെ കരളില്‍ പകുതി നല്‍കിയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ഈ ശസ്ത്രക്രിയയും അതിജീവന കഥയും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അന്ന് വിദേശത്തുനിന്നടക്കം നിരവധി പേരാണ് ഇവര്‍ക്ക് സാമ്പത്തിക സഹായവുമായി എത്തിയത്. പതിവുപോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീടിന് ഇറങ്ങിയ അനുമോളെ കാണാതായതോടെ കുടുംബം പോലീസില്‍ പരാതി നൽകുകയായിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051