പാലക്കാട്: എസ്.ഡി.പി.ഐ ഭാരവാഹി സുബൈർ വധക്കേസിലെ ആറാം പ്രതി മറ്റൊരു ഗുരുതരമായ കവർച്ചാക്കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ, പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ അടിയന്തരമായി കോടതിയെ സമീപിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം ആവശ്യപ്പെട്ടു.
2022 ഏപ്രിൽ 15ന് ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുബൈറിനെ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കല്ലേപ്പുള്ളി വേനലിൽ റോഡ് കരുപ്പത്ത് എസ്. സുബിൻലാൽ (37) ആണ് വീണ്ടും ക്രിമിനൽ കേസിൽ അറസ്റ്റിലായിരിക്കുന്നത്. സ്വർണം വിറ്റുകിട്ടിയ 32 ലക്ഷം രൂപയുമായി മടങ്ങുകയായിരുന്ന ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ കോയമ്പത്തൂരിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കവർച്ചാസംഘത്തിന് അകമ്പടി പോയ കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സുബിൻലാലിലേക്ക് പൊലീസ് എത്തിയതെന്നാണ് പുറത്തുവന്ന വിവരം. ഗുരുതരമായ കൊലക്കേസിൽ പ്രതിയായിരിക്കെ ജാമ്യത്തിലിറങ്ങിയ വ്യക്തി വീണ്ടും മറ്റൊരു ഗുരുതരമായ കുറ്റകൃത്യത്തിൽ അറസ്റ്റിലായത് ഗൗരവത്തോടെ കാണണം.
സുബൈർ വധക്കേസിൽ ക്രൈംബ്രാഞ്ചിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ പരിശോധിക്കപ്പെടണം. കൊലപാതകത്തിന് ഉപയോഗിച്ച കാർ ആരുടെ പേരിലാണെന്നും ഇപ്പോൾ ആരുടെ കൈവശമാണെന്നും ആരാണ് ഉപയോഗിക്കുന്നതെന്നും കൊലപാതകത്തിനായി വാഹനം നൽകിയത് ആരാണെന്നും കണ്ടെത്തുന്നതിൽ അന്വേഷണം കാര്യക്ഷമമായിരുന്നില്ല. പ്രതികൾക്ക് അനുകൂലമായ സാക്ഷികളെ ഉൾപ്പെടുത്തിയെന്ന വിമർശനവും നിലനിൽക്കുന്നു. വിചാരണ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം വീഴ്ചകൾ ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. പുതിയ ക്രിമിനൽ കേസിലെ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് സുബിൻലാലിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ അടിയന്തരമായി കോടതിയെ സമീപിക്കണമെന്നും റഷീദ് പുതുനഗരം ആവശ്യപ്പെട്ടു.
ബഷീർ കൊമ്പം
ജില്ല മീഡിയ ഇൻ ചാർജ്
+91 81579 48123