anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാറൽ–മണലായ റോഡിൽ യാത്രാദുരിതം രൂക്ഷം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എൽ.എയ്ക്ക് പ്രദേശവാസികളുടെ നിവേദനം

പെരിന്തൽമണ്ണ: വികസന പ്രവൃത്തികൾ പുരോഗമിക്കുന്ന പാറൽ–മണലായ റോഡിൽ യാത്രാക്ലേശം രൂക്ഷമായതോടെ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തിന് നിവേദനം നൽകി.

എം.എൽ.എയുടെ ഇടപെടലിലൂടെ അനുവദിച്ച 50 ലക്ഷം രൂപയുടെ റോഡ് വികസന പ്രവൃത്തികൾ ആരംഭിച്ചെങ്കിലും തുടർച്ചയായ മഴയെ തുടർന്ന് റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്കരമായിരിക്കുകയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

റോഡ് വികസനത്തിന്റെ ഭാഗമായി വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുകയും ചില ഭാഗങ്ങളിൽ നിർമാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മഴ ശക്തമായതോടെ റോഡിന്റെ പല ഭാഗങ്ങളിലും കാൽനടയാത്ര പോലും പ്രയാസകരമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും ഇതുവഴി സഞ്ചരിക്കാൻ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.

നിരവധി സ്കൂൾ വിദ്യാർത്ഥികളും മദ്രസ വിദ്യാർത്ഥികളും ദിവസേന കാൽനടയായി സഞ്ചരിക്കുന്ന വഴിയാണിത്. റോഡിന്റെ നിലവിലെ അവസ്ഥ കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവെച്ചു.

വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിനായി പള്ളിയിലേക്ക് പോകുന്ന പ്രായമായവരും മറ്റു വിശ്വാസികളും യാത്രാക്ലേശം അനുഭവിക്കുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട കരാറുകാരുമായി എം.എൽ.എ അടിയന്തരമായി ഇടപെട്ട് സുരക്ഷിതമായ സഞ്ചാരത്തിന് താൽക്കാലിക സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.

റോഡ് വികസനത്തിനായി എം.എൽ.എ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്ത പ്രദേശവാസികൾ, നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ പൊതുജനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു.

വികസന പ്രവൃത്തികൾ ജനങ്ങൾക്ക് ആശ്വാസമാകേണ്ടതിന് പകരം താൽക്കാലികമായെങ്കിലും ദുരിതമായി മാറുന്ന സാഹചര്യം ഒഴിവാക്കാൻ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാറൽ പ്രദേശവാസികൾ.

Spread the News

Leave a Comment

IMG 20260806 WA0051