കൂറ്റനാട്: പെരുമ്പിലാവ്–നിലമ്പൂർ ദേശീയപാതയിലെ ചാലിശ്ശേരി മുതൽ പട്ടാമ്പി വരെയുള്ള റോഡ് പുനർനിർമാണം വേഗത്തിലാക്കണമെന്ന് എസ്.ഡി.പി.ഐ തൃത്താല മണ്ഡലം പ്രസിഡന്റ് ഹനീഫ ചാലിപ്പുറം ആവശ്യപ്പെട്ടു.
17 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പുനർനിർമാണം ആരംഭിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും 50 ശതമാനം പ്രവൃത്തികൾ പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തൃത്താല എം.എൽ.എയായിരുന്ന എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച റോഡ് നിർമാണം വാഹനയാത്രക്കാർക്കും പരിസരവാസികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്.
റോഡിന്റെ ഇരുവശങ്ങളിലും കാനകൾ നിർമിക്കുക, റോഡിന് കുറുകെയുള്ള ഓവുപാലങ്ങൾ നിർമിക്കുക, റോഡ് വീതി കൂട്ടി ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമിക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, നിർമാണം ആരംഭിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാനകളുടെ നിർമാണം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
റോഡിന്റെ ഉപരിതലം പൂർണമായും തകർന്നും വലിയ കുഴികൾ രൂപപ്പെട്ടും വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രതിഷേധം ശക്തമാകുമ്പോൾ താൽക്കാലികമായി കുഴികൾ അടയ്ക്കുന്ന നടപടികൾ മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
റോഡ് നിർമാണം മൂലമുണ്ടാകുന്ന പൊടിപടലങ്ങൾ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന പൊതുജനങ്ങൾക്കും വ്യാപാരികൾക്കും വലിയ ആരോഗ്യ-ജീവിതപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. റോഡരികിൽ കാനകൾ നിർമിക്കുന്നതിനായി കുഴികളെടുത്ത് ഗതാഗതവും വ്യാപാരവും തടസ്സപ്പെട്ടതോടെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങൾ കച്ചവടം കുറഞ്ഞ് അടച്ചുപൂട്ടേണ്ട അവസ്ഥയിലുമാണ്.
നിർമാണപ്രവൃത്തികൾ വേഗത്തിലും സുതാര്യമായും പൂർത്തീകരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. പൊതുജനങ്ങളുടെ സ്വൈരജീവിതത്തിനും യാത്രാസൗകര്യങ്ങൾക്കും തടസ്സമുണ്ടാകാത്തവിധം റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്നും ഹനീഫ ചാലിപ്പുറം ആവശ്യപ്പെട്ടു.
മീഡിയാ ചുമതല
താഹിർ കൂനംമൂച്ചി
8089294455