ചെർപ്പുളശ്ശേരി: വാഴേങ്കട വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ 2026-ലെ വിജയസ്മൃതി പുരസ്കാരത്തിന് പ്രശസ്ത കഥകളി കലാകാരനും, കഥകളി ഗവേഷകനുമായ കലാമണ്ഡലം ജോൺ അർഹനായി.
25,000 രൂപയും പുരസ്കാരഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
1971-ൽ കേരള കലാമണ്ഡലത്തിൽ കഥകളിവേഷം വിദ്യാർത്ഥിയായിരുന്ന ജോൺ പിന്നീട് കഥകളി രംഗത്തെ ഗവേഷണ പ്രവർത്തനങ്ങളിലൂടെയും സാഹിത്യരചനകളിലൂടെയും ശ്രദ്ധേയനായി. കലാമണ്ഡലത്തിലെ വിദേശ വിദ്യാർത്ഥികളെ കഥകളി പരിശീലിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
വാഴേങ്കട വിജയൻ ആശാന്റെ കളരിയിലാണ് ജോൺ ആദ്യമായി കഥകളി പരിശീലനം ആരംഭിച്ചത്. കലാമണ്ഡലത്തിൽനിന്ന് ‘കലാതരംഗിണി’ എന്ന പേരിൽ കലാസ്ഥാപനം നടത്തിവരുന്ന അദ്ദേഹം കഥകളി കലയുടെ പ്രചാരണത്തിനും പരിപോഷണത്തിനും ശ്രദ്ധേയമായ സംഭാവനകളാണ് നൽകിവരുന്നത്.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളമാണ് സ്വദേശം.
വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി 2027 ജനുവരി 14-ന് നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് വിജയൻ ആശാൻ സ്മാരക സമിതി പ്രസിഡന്റ് പി.വി. ശ്യാമളൻ നായർ, വൈസ് പ്രസിഡന്റ് കോട്ടയ്ക്കൽ ദേവദാസ്, സെക്രട്ടറി വാഴേങ്കട കൃഷ്ണദാസ്, ട്രഷറർ ടി.കെ. ജയപ്രകാശ് എന്നിവർ അറിയിച്ചു.
അനുഗ്രഹ വിഷൻ ന്യൂസ് | കലാ-സാംസ്കാരിക വാർത്ത