തിരുവനന്തപുരം: കുറ്റാന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാലിനെ (50) ആറ്റിങ്ങലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഊരുപൊയ്കയിലെ ഭാര്യവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം മരുതുംകുഴിയിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ബിനീഷ് ലാൽ.
കുറ്റാന്വേഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് 2025-ൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ മെഡൽ ലഭിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
മുൻപ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായും കാട്ടാക്കടയിൽ ഇൻസ്പെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ചുതെങ്ങ് മേഖലയിലെ നിരവധി ക്രിമിനൽ കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ബിനീഷ് ലാൽ.
തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. കുടുംബപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന പ്രാഥമിക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിലെ ജീവനക്കാരിയായ ദിവ്യയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
കുറ്റാന്വേഷണ മികവിന് ദേശീയതലത്തിൽ അംഗീകാരം നേടിയ പോലീസ് ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത മരണം പോലീസ് സേനയിലും പരിചയക്കാർക്കിടയിലും ദുഃഖത്തിനിടയാക്കി.