കൊച്ചി, 26 ഒക്ടോബർ 2026: ലോക ഒക്യുപ്പേഷണൽ തെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് സംഘടിപ്പിച്ച ‘ഒപ്പം’ പരിപാടിയിൽ, കുട്ടികളുടെ വളർച്ചാവികാസ ഘട്ടങ്ങൾ വിലയിരുത്തുന്നതിനുള്ള സൗജന്യ മൊബൈൽ ആപ്ലിക്കേഷനായ ‘കിഡ്സൈറ്റ്’ പുറത്തിറക്കി. പ്രയത്ന വികസിപ്പിച്ച ഈ ഡിജിറ്റൽ ആപ്പ് കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി. കെ. മിനിമോൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
“ഇന്നത്തെ തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളിൽ കുട്ടികളുടെ മാനസിക-ശാരീരിക വളർച്ചാ വികാസങ്ങൾ കൃത്യമായി തിരിച്ചറിയാൻ മാതാപിതാക്കൾക്ക് സാധിക്കാറില്ല. രോഗമോ വളർച്ചാ വൈകല്യങ്ങളോ കണ്ടെത്തി ചികിത്സിക്കുന്നതിനേക്കാൾ നല്ലത്, തുടക്കത്തിലേ അത് തിരിച്ചറിഞ്ഞ് തടയുന്നതാണ്. കുട്ടികളിലെ ഡിസബിലിറ്റീസും വളർച്ചാ വ്യതിയാനങ്ങളും നേരത്തെ മനസ്സിലാക്കി കൃത്യസമയത്ത് പിന്തുണയും പരിചരണവും ഉറപ്പാക്കാൻ ‘കിഡ്സൈറ്റ്’ ആപ്പിലൂടെ സാധിക്കും.” മേയർ അഡ്വ. വി. കെ. മിനിമോൾ പറഞ്ഞു.
കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ശാരീരിക-മാനസിക വളർച്ച നേരിട്ട് മനസ്സിലാക്കാനും, പ്രാഥമിക പരിശോധനകൾ നടത്താനും മാതാപിതാക്കളെ സഹായിക്കുന്ന രീതിയിലാണ് ‘കിഡ്സൈറ്റ്’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടികളുടെ വികാസ ഘട്ടങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കാനും, ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും, ബോധവൽക്കരണ വീഡിയോകളും മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കാനും ഈ ആപ്പിലൂടെ സാധിക്കും. അതോടൊപ്പം മാതാപിതാക്കൾക്ക് കുട്ടികളുടെ പ്രത്യേക വളർച്ചാ ആശങ്കകൾ പങ്കുവെക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ആപ്പിന്റെ ഫലങ്ങൾ മെഡിക്കൽ പരിശോധനകൾക്ക് പകരമല്ലെങ്കിലും, കുട്ടികളുടെ വളർച്ചയെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തലിനും ധാരണയ്ക്കും വേണ്ടി സഹായിക്കും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ‘കിഡ്സൈറ്റ്’ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
“ഓരോ കുട്ടിയുടെയും വളർച്ചാ ഘട്ടങ്ങൾ വ്യത്യസ്തമാണ്. അത് ശരിയായ രീതിയിൽ മനസ്സിലാക്കി പിന്തുണ നൽകുവാൻ രക്ഷകർത്താകൾക്ക് സാധിക്കണം. ആപ്പിലൂടെ പ്രാഥമിക പരിശോധനകൾ നടത്തി, കുട്ടികളുടെ വികാസത്തെക്കുറിച്ച് ശരിയായ ധാരണയുണ്ടാക്കാനും ആവശ്യമെങ്കിൽ തുടർ പരിശോധനകൾക്കായി വിദഗ്ദ്ധരെ സമീപിക്കാനും ഈ ആപ്പ് മാതാപിതാക്കളെ സഹായിക്കും.” പ്രയത്ന സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു.
ഒട്ടേറെ ആളുകൾ പങ്കെടുത്ത ഒബറോൺ മാളിൽ നടന്ന ‘ഒപ്പം’ പരിപാടിയിൽ കൗൺസിലർ ഷിബി സോമൻ, ഒബറോൺ മാൾ സെന്റർ മാനേജർ മോനു നായർ, പ്രയത്ന പ്രതിനിധികൾ തുടങ്ങിയവരും ഭാഗമായി. പരിപാടിയുടെ ഭാഗമായി ഒക്യുപ്പേഷണൽ തെറാപ്പി അധിഷ്ഠിത പ്രത്യേക സ്റ്റാളുകളും കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക വിനോദ മത്സരങ്ങളും സംഘടിപ്പിച്ചതിലൂടെ ഇത്തരം കളികളുടെ പ്രാധാന്യം രക്ഷകർത്താകൾക്ക് വിശദീകരിച്ചുകൊടുക്കാനും ഓരോ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അനുഭവിച്ചറിയാനും വഴിയൊരുക്കി.