അട്ടപ്പാടിയിലെ അങ്കണവാടികളിലും സ്കൂളുകളിലും പോഷകാഹാര വിതരണം ചെയ്യുന്നതിലെ ഗുണമേന്മ ഉറപ്പാക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ ജിനു സക്കറിയ ഉമ്മൻ, കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി എന്നിവരുടെ നേതൃത്വത്തിൽ ദോണിഗുണ്ട്, വടകോട്ടത്തറ, വെച്ചപ്പതി ഊരികളിലെ അങ്കണവാടികളും മട്ടത്തുക്കാട് ട്രൈബൽ ഹൈ സ്കൂളിലും നടത്തിയ സന്ദർശനത്തിലാണ് നിർദേശം.
അങ്കണവാടികളിലെ പയറ്, കടല, തുടങ്ങിയവയവയിൽ കാലാവധി രേഖപെടുത്താത്ത പാക്കറ്റുകൾ കണ്ടെത്തിയതിൽ കമ്മീഷൻ വിശദീകരണം തേടി. എഫ് എ ക്യു നിലവാരമുള്ള ഗോതമ്പ് ലഭ്യമാകാത്തതിനാൽ അങ്കൺവാടികളിൽ പോഷകാഹാര വിതരണത്തിനായുള്ള ഗോതമ്പിന്റെ ലഭ്യതയിൽ കുറവുണ്ടെന്ന് ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ അറിയിച്ചു.
ശിശുമരണം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കുമുള്ള പോഷകാഹാര വിതരണം കൃത്യമായി നടക്കുന്നതായി കമ്മീഷന് ബോധ്യപ്പെട്ടു. കുട്ടികൾ മരിച്ചവരുടെ മാതാപിതാക്കൾക്ക് കൃത്യമായി പോഷകാഹാരം ലഭ്യമാക്കിയിരുന്നതായും മനസ്സിലാക്കി.
ജനനി ജന്മ രക്ഷ പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതായും കമ്മീഷൻ വിലയിരുത്തി.
സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കൃത്യമായി നടപ്പിലാക്കുന്നതായും പരിശോധിച്ചു.
ജില്ലാ സപ്ലൈ ഓഫീസർ എ എസ് ബീന, താലൂക് സപ്ലൈ ഓഫിസർ വി മനോജ്, മണ്ണാർക്കാട് താലൂക് സപ്ലൈ ഓഫിസർ എം.കെ അനീസ്
അസി താലുക്ക് സപ്ലൈ ഓഫിസർ രഞ്ജിനി, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസർ ടി.വി മിനി മോൾ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ശ്രീലത മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.