ചിറ്റൂർപുഴ പദ്ധതി രണ്ടാം വിള ജലസേചനവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി ഉപദേശക സമിതി യോഗം ചേർന്നു. ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ അധ്യക്ഷത വഹിച്ചു.
രണ്ടാം വിള കൃഷിക്കാവശ്യമായ ജലം പറമ്പിക്കുളം – ആളിയാർ പദ്ധതിയിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനായി സംയുക്ത ജലക്ര മീകരണ ബോർഡിന്റെ അടിയന്തര യോഗം 10 ദിവസത്തിനകം വിളിച്ചുചേർക്കുമെന്ന് ജോയിൻറ് ഡയറക്ടർ യോഗത്തിൽ അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
ബോർഡ് യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജലലഭ്യത സംബന്ധിച്ച് അന്തിമമായ വ്യക്തത വരുത്തുമെന്നും കർഷകരെ സഹായിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
ബോർഡ് തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രദ്ധയിൽപ്പെടുത്തി തമിഴ്നാട് സർക്കാരുമായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കും.
ജലലഭ്യത ഉറപ്പാക്കാൻ കഴിയാത്തതിനാൽ കർഷകർക്ക് രണ്ടാം വിള കൃഷി ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ, കർഷകർക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുന്ന വിഷയവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
ജില്ലാ കളക്ടർ സുധീർ കെ, എക്സിക്യൂട്ടീവ് എൻജിനീയർ കിരൺ എബ്രഹാം തോമസ്, സംയുക്ത ജലക്രമീകരണ ബോർഡ് ജോയിന്റ് ഡയറക്ടർ സജി സാമുവൽ, ഡെപ്യൂട്ടി ഡയറക്ടർ സാജിത, പ്രിൻസിപ്പൽ കൃഷി ഓഫീസർ അറുമുഖ പ്രസാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ അനീഷ് വി.ആർ, രശ്മി എ.കെ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, പദ്ധതി ഉപദേശക സമിതി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.